ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ വീണ്ടും റെഡ് അലേര്‍ട്ട്. മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്നാണ് ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്ക് കൂടിയിട്ടുണ്ട്. ജലനിരപ്പ് 2398 അടിയില്‍ തുടരുന്നതിനാലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്.
ഇടുക്കി ഡാമില്‍ റൂള്‍ കര്‍വ് പ്രകാരം ബ്ലൂ അലേര്‍ട്ട് 2391.31 അടിയും, റെഡ് അലേര്‍ട്ട് ലെവല്‍ 2397.31 ആണ്. അതിനിടയില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് കൂടി 135 ‘അടിയിലെത്തി. മുല്ലപ്പെരിയാറില്‍ ഒരു അടികൂടെ ഉയര്‍ന്നാല്‍ ആദ്യ ജാഗ്രത മുന്നറിയിപ്പ് നല്‍കും.
അതേസമയം, കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്കി. ആലപ്പുഴ, കോട്ടയം, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.