ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ഇനിയും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ആദ്യ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്ന് രാവിലെ 9.10ന് ആണ് ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചത്. 2390.88 അടിയാണ് രാവിലെ 9ന് ഡാമിലെ ജലനിരപ്പ് (സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണിത്).
ഡാം റൂള്‍ കര്‍വ് പ്രകാരം ഒക്ടോബര്‍ 20 വരെ 2395 അടിയാണ് ഇടുക്കി അണക്കെട്ടിലെ പരമാവധി അനുവദനീയമായ ജലനിരപ്പ്. അണക്കെട്ടില്‍ പരമാവധി ജലനിരപ്പിലെത്താന്‍ അഞ്ച് അടി ബാക്കിയുള്ളപ്പോഴാണ് സാധാരണ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കുക.
3 അടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ടും 4 അടി ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ടും പിന്നെയും ഒരടി കൂടി ഉയര്‍ന്നാല്‍ ഡാം തുറന്നു വിടുകയും ചെയ്യും. 2392.52 ആയിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെ ജലനിരപ്പ്.