കോഴിക്കോട്: വീട്ടില്‍ നിലത്ത് പാകിയ ടൈലുകള്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. കോഴിക്കോട് ബാലുശേരിയിലാണ് സംഭവം. കിനാലൂരിലെ ഷിനോദിന്റെ വീട്ടിലെ ഡൈനിങ് ഹാളിലെ നിലത്ത് പതിച്ച ടൈലുകളാണ് പൊട്ടിച്ചിതറിയത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
സംഭവത്തെതുടര്‍ന്ന് ജിയോളജി വകുപ്പിനെ സമീപിച്ചിരിക്കുകയാണ് വീട്ടുകാര്‍. ടൈലുകള്‍ പൊട്ടുന്നത് കണ്ട് വീട്ടുകാര്‍ ഉടന്‍ തന്നെ പുറത്തിറങ്ങി. നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി. പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടിക്കൃഷ്ണന് ഷിനോദിന്റെ വീട് സന്ദര്‍ശിച്ചു.
അതേസമയം കോഴിക്കോട് പോലൂരിലെ വീട്ടില്‍ അജ്ഞാതശബ്ദം കേള്‍ക്കുന്നതിനുള്ള കാരണം കണ്ടെത്തുന്നതിനായി പ്രദേശത്ത് കേന്ദ്ര ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ ഭൗമശാസ്ത്ര പഠനം ആരംഭിച്ചു. ഡോ. ബിപിന്‍ പീതാംബരന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പ്രത്യേക അന്വേഷണ സംഘമാണ് ഭൂമിക്കടിയില്‍ നിന്നും മുഴക്കമുണ്ടാകുന്ന കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പോലൂര് കോണോട്ട് തെക്കേ മാരാത്ത് ബിജുവിന്റെ വീടിന് സമീപം പരിശോധന നടത്തുന്നത്.