മലപ്പുറം: മലപ്പുറം ജില്ലയിലെ കോട്ടക്കലിന് സമീപം കോഴിച്ചെനയിലുണ്ടായ വാഹനാപകടത്തിൽ കൈകുഞ്ഞ് മരിച്ചു. ദേശീയപാതയിലാണ് അപകടമുണ്ടായത്. എടരിക്കോടിന് സമീപം കോഴിച്ചെനയിൽ വാഹനാപകടത്തിൽ ഒരു മാസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
തിരൂരങ്ങാടി മുന്നിയൂർ സ്വദേശി റഷീദിൻറെ മകൾ ആയിശ (ഒരു മാസം) ആണ് മരിച്ചത്. കുട്ടിയുടെ പിതാവ് റഷീദ്, മാതാവ് മുബഷിറ, കുട്ടിയെ പരിചരിക്കാനെത്തിയ അടൂർ സ്വദേശി റജീന എന്നിവരെ പരിക്കുകളോടെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 10.45 ഓടെയാണ് അപകടം. ഇവർ സഞ്ചരിച്ച കാറിൽ എതിരെ വരികയായിരുന്ന മിനിലോറി ഇടിക്കുകയായിരുന്നു. കുഴൽ കിണർ ജോലിക്ക് ഉപയോഗിക്കുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.