വടക്കാഞ്ചേരി : തത്ത കസ്റ്റഡിയിലാണ്, പറക്കണമെങ്കില്‍ വേണം കോടതി ഉത്തരവ്. കേള്‍ക്കുമ്പോള്‍ ഇതെന്തു സംഭവം എന്ന് തോന്നുമെങ്കിലും സംഭവം സത്യം തന്നെയാണ്. വനംവകുപ്പിന്റെ അകമലയിലെ വെറ്ററിനറി ക്ലിനിക്കില്‍ ശനിയാഴ്ചയാണ് തൊണ്ടിമുതലായി തത്ത എത്തിയത്.
ചാലക്കുടി കൊന്നക്കുഴി വനം ഡെപ്യൂട്ടി റേഞ്ചറാണ് തത്തയെ വനം വെറ്ററിനറി ഡോക്ടര്‍ ഡേവിഡ് അബ്രഹാമിന് സുരക്ഷ മുന്‍നിര്‍ത്തി കൈമാറിയത്. വനം-വന്യജീവി പരിരക്ഷയില്‍ ഷെഡ്യൂള്‍ നാലില്‍ പെടുന്നതാണ് ഈ തത്ത. ഇതിനെ ചാലക്കുടിയില്‍ ഒരാള്‍ വീട്ടില്‍ കൂട്ടിലിട്ട് വളര്‍ത്തുന്നുവെന്ന പരാതി ലഭിച്ചിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷന് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് കേസെടുത്തത്. വിശദവിവരങ്ങള്‍ നല്കാന് വനപാലകര്‍ വിസമ്മതിച്ചു. ചാലക്കുടി കോടതിയില്‍ കേസ് സമര്‍പ്പിച്ചു. കോടതി ഉത്തരവ് വാങ്ങി തത്തയെ പറത്തിവിടും.