കണ്ണൂര്‍: വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ വളര്‍ത്തു പൂച്ചയുടെ ജീവന് രക്ഷിക്കാന്‍ ഒരാഴ്ചയോളം പരിശ്രമിച്ച് ഒരു കുടുംബം. എടക്കടവ് അരയാല്‍ തറയിലെ നന്ദനം നിവാസില്‍ വി.കെ സുനില്‍കുമാറും കുടുംബവുമാണ് വളര്‍ത്തുപൂച്ച മിട്ടുവിന്റെ ജീവന് രക്ഷിക്കാന്‍ ഒരാഴ്ചയോളം പ്രയത്നിച്ചത്.
സുനില്‍കുമാറും മകന് സുഷാലുമാണ് പൂച്ചയെ രക്ഷിച്ചത്. വാഹനമിടിച്ച് പരുക്കേറ്റ പൂച്ചയുമായി അടുത്തുള്ള സ്വകാര്യ വെറ്ററിനറി ക്ലിനിക്കില്‍ എത്തി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം പൂച്ചയെ ജില്ലാ വെറ്ററിനറി ആശുപത്രിയില്‍ എത്തിക്കാന്‍ ക്ലിനിക്കിലെ ഡോക്ടര്‍ അറിയിച്ചു.
ജില്ലാ ആശുപത്രിയില്‍ എത്തിച്ച പൂച്ചയ്ക്ക് ഗ്ലൂക്കോസും കുത്തിവയ്പുമൊക്കെ നല്കി. പെട്ടിയിലാക്കിയ പൂച്ചയുമായി 8 ദിവസം ഇവര്‍ വീട്ടില്‍ നിന്ന് ജില്ലാ വെറ്ററിനറി ആശുപത്രിയിലെത്തി. ഒടുവില്‍ കഴിഞ്ഞ ദിവസം പൂച്ച കണ്ണ് തുറന്നു. പരുക്ക് പറ്റിയ പൂച്ച ഇപ്പോള്‍ വീട്ടിലെ കട്ടിലിലാണ് കിടത്തം.
വീട്ടുകാര്‍ പായ വിരിച്ച് നിലത്തും. 8 മാസം മാത്രം പ്രായമുള്ള മിട്ടു പൂച്ചയുടെ ജീവന് തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് കുടുംബം ഇപ്പോള്‍. പൊന്നുപോലെ മിട്ടുവിനെ പരിപാലിക്കുകയാണ് ഇവര്‍.