ഇടുക്കി. പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ വീണ്ടും ക്രൂരത. 23കാരനായ യുവാവ് പെണ്‍കുട്ടിയുടെ മുടി മുറിച്ചുമാറ്റിയതായി പരാതി. ഇടുക്കി പീരുമേട് സ്വദേശിയായ പെണ്‍കുട്ടിയാണ് അയല്‍വാസിയായ യുവാവിനെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
കരടിക്കുഴി എ.വി.ടി തോട്ടത്തില്‍ സുനില്‍ (23) എതിരെയാണ് പരാതി. പെണ്‍കുട്ടി പരാതി നല്‍കിയതോടെ പ്രതി ഒളിവില്‍ പോയി. എസ്റ്റേറ്റ് ലയത്തിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ തിങ്കളാഴ്ച പകല്‍ ആയിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അയല്‍വാസിയായ പെണ്‍കുട്ടിയോട് സുനില്‍ പ്രണയാഭ്യര്‍ഥനയുമായി എത്തുകയും തുടര്‍ന്ന് പിടിവലിയിലേക്ക് നീങ്ങുകയുമായിരുന്നു എന്നാണ് പരാതിയിലെ ആരോപണം.
അടുത്തെത്തിയ ആളോട് കത്രികയെടുത്ത് പെണ്‍കുട്ടി പ്രതിരോധിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും കത്രിക പിടിച്ചു വാങ്ങിയ ശേഷം തലമുടി ബലമായി മുറിച്ചെടുക്കുകയായിരുന്നു. മുന്‍പു ഇതേപോലെ സമീപിച്ചതായും അപ്പോഴൊക്കെ നിരസ്സിച്ചിരുന്നെന്നും പെണ്‍കുട്ടി പൊലീസില്‍ നല്കിയ മൊഴിയില്‍ പറയുന്നു. ഒളിവിലായ പ്രതിയെ കുറിച്ചുള്ള അന്വേഷണം നടന്നു വരുകയാണ്.