അടിമാലി: യുവതിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടിലെ അടുക്കളയില്‍ കണ്ടെത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. പണിക്കന്‍കുടി കുരിശിങ്കലില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന കാമാക്ഷി താമഠത്തില്‍ സിന്ധുവിന്റേത് (45) എന്നു കരുതുന്ന മൃതദേഹമാണ് അയല്‍വാസിയുടെ വീട്ടിലെ അടുപ്പിനു കീഴില്‍ കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്.
ഇന്ന് ഫൊറന്‍സിക് വിദഗ്ധര്‍ എത്തിയ ശേഷം മൃതദേഹം പുറത്തെടുക്കും. സംഭവത്തിന് പിന്നാലെ വീട്ടുടമ മാണിക്കുന്നേല്‍ ബിനോയ് (52) ഒളിവിലാണ്. ഇയാളുടെ വീട്ടിലെ അടുക്കളയുടെ അടുപ്പിനു താഴെ 2 അടിയോളം താഴ്ചയില്‍ ബന്ധുക്കള്‍ മണ്ണ് നീക്കം ചെയ്തതോടെ 4 വിരലുകള്‍ കണ്ടെത്തി. തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തുകയായിരുന്നു.
കഴിഞ്ഞ 12 മുതലാണ് സിന്ധുവിനെ കാണാതായത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് സിന്ധുവിന്റെ മാതാവ് വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണം ആരംഭിച്ചതോടെ ബിനോയ് മുങ്ങി. ബിനോയിയുമായി സൗഹൃദത്തിലായിരുന്ന സിന്ധു ഭര്‍ത്താവുമായി പിരിഞ്ഞ് ഇളയ മകനോടൊപ്പം 2016ല്‍ ആണ് കാമാക്ഷിയില് നിന്ന് പണിക്കന്‍കുടിയില്‍ എത്തി വാടക വീട്ടില്‍ താമസമാരംഭിച്ചത്.
ബിനോയിയുടെ വീടിനോടു ചേര്‍ന്നായിരുന്നു ഇത്. കഴിഞ്ഞ 11നു സിന്ധുവിന്റെ മകനെ ബിനോയിയുടെ സഹോദരിയുടെ വീട്ടിലേക്ക് ഇയാള്‍ പറഞ്ഞയച്ചു. തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം. പിറ്റേന്ന് മകന് തിരികെ എത്തിയപ്പോള്‍ അമ്മയെ കണ്ടില്ല. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിനോയ് സ്ഥലംവിട്ടതോടെ ഇയാളെയും സിന്ധുവിനെയും കണ്ടെത്തുന്നതിനുള്ള ശ്രമം ഊര്‍ജിതമായി.
ഇതിനിടെ ഇന്നലെ സിന്ധുവിന്റെ ബന്ധുക്കള്‍ ബിനോയിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അടുക്കളയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബിനോയിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം.