വിഴിഞ്ഞം: പോലീസുകാരെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തി യുവതിയുടെ പക. ഭര്‍ത്താവിനോട് പിണങ്ങി വീടുവിട്ടിറങ്ങിയ പോത്തന്‍കോട് സ്വദേശിയായ യുവതി വീട്ടുകാരെ വിറപ്പിക്കാന്‍ കാണിച്ച അതിബുദ്ധി പൊലീസുകാരെയും നാട്ടുകാരെയും മുഴുവന്‍ വെള്ളംകുടിപ്പിച്ചു.
സ്വന്തം വസ്ത്രങ്ങള്‍ കീറി വീടിനു പിറകിലെ കുറ്റിക്കാട്ടില്‍ എറിഞ്ഞ ശേഷം അപായപ്പെടുത്തിയതെന്ന് വരുത്താന്‍ പരിസരത്ത് ചുവന്ന ക്യൂട്ടക്സും ഒഴിച്ച ശേഷം യുവതി സ്ഥലം വിടുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ച ആറോടെ യുവാവിന്റെ വീട്ടില്‍നിന്നും പുറത്തിറങ്ങിയ യുവതി തിരിച്ചെത്താതെ വന്നതോടെ വീട്ടുകാര്‍ തിരക്കിയിറങ്ങി.
അതിനിടെയാണ് വീടിന്റെ പിന്നില്‍ കീറിയ വസ്ത്രങ്ങളും ‘രക്തക്കറ’യും കണ്ടത്. ഇതോടെ വീട്ടുകാര്‍ ഞെട്ടി. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിച്ചു. ഫോര്‍ട്ട് അസിസ്റ്റന്റ് കമീഷണര്‍ ഷാജി, കോവളം സി.ഐ. പ്രൈജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലെ വന്‍ പൊലീസ് സംഘവും ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും, സയന്റിഫിക് എക്സ്െപര്ട്ടും സ്ഥലത്തെത്തി.
പരിസരത്തെ കുറ്റിക്കാടുകളും തെങ്ങില്‍ തോപ്പ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പൊലീസും നാട്ടുകാരും അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കഴിഞ്ഞ ദിവസം ഉച്ചയോടെ വലിയതുറ സ്റ്റേഷന് പരിധിയില്‍നിന്ന് യുവതിയെ കണ്ടെത്തിയതോടെയാണ് ഒരുദിവസം നീണ്ട നാടകത്തിന് തിരശ്ശീല വീണത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ചൊവ്വര അടിമലത്തുറ സ്വദേശിയായ 20കാരനൊപ്പം പോത്തന്‍കോട് സ്വദേശിനിയായ 19കാരി മാര്‍ച്ചിലാണ് വീടുവിട്ടത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അന്ന് കേസെടുത്ത പോത്തന്‍കോട് പോലീസ് ഇരുവരെയും കണ്ടെത്തിയിരുന്നു. എന്നാല്‍, യുവതിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് യുവാവിനൊപ്പം വിട്ടയക്കുകയായിരുന്നു.