കോന്നി: വനമേഖലയില്‍ റോന്ത് ചുറ്റുന്നതിനിടെ കാട്ടാനയുടെ ആക്രമണം. തുമ്പിക്കൈയ്ക്ക് അടിയേറ്റ വനം വനിതാ വാച്ചര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. കൊക്കാത്തോട് കോട്ടാംപാറ ആദിവാസി കോളനിയിലെ വാഴയില്‍ വീട്ടില്‍ 41കാരിയായ സിന്ധുവാണ് ആനയുടെ ആക്രമണത്തിന് ഇരയായത്.
ആക്രമണത്തില്‍, നെഞ്ചില്‍ ചതവും വാരിയെല്ലില്‍ ആറിടത്ത് പൊട്ടലുമുണ്ട്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിന്ധുവിന് രണ്ടാഴ്ച പൂര്‍ണ നിരീക്ഷണം വേണം. തോളെല്ലിനു പരുക്കേറ്റ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പത്തനാപുരം കല്ലുങ്കടവ് തെക്കേമണ്ണില്‍ ഡി.വിനോദ് (46) വീട്ടില്‍ വിശ്രമത്തിലാണ്. ശനിയാഴ്ച രാവിലെ 10ന് കോന്നി വനം റേഞ്ചിലെ കുമ്മണ്ണൂര്‍ ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ ആദിച്ചന്‍പാറ 2009 കൂപ്പ് ഭാഗത്താണ് സംഭവം.
പതിവു പരിശോധനയ്ക്കായി പോയ വനപാലക സംഘത്തില്‍ 7 പേരാണ് ഉണ്ടായിരുന്നത്. കാട്ടാന പാഞ്ഞടുത്തപ്പോള്‍ എല്ലാവരും ചിതറി ഓടി. കൂടുതല്‍ ഓടാന്‍ കഴിയാതെ ഫോറസ്റ്റര്‍ വിനോദ് വലിയ ഈട്ടിത്തടിക്കും പാറയ്ക്കും ഇടയിലായി കിടന്നു. അടുത്തെത്തിയ ആന മരക്കമ്പ് ഉപയോഗിച്ച് വിനോദിനെ അടിക്കുകയും ചെയ്തു. കുഴിയുള്ള ഭാഗത്തേക്ക് മറിഞ്ഞു വീണ സിന്ധുവിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിക്കുകയുമായിരുന്നു.