പുന്നയൂര്‍ക്കുളം: മുളകുപൊടി എറിഞ്ഞ് ആക്രമണം നടത്തിയ അക്രമിസംഘം യുവാവിന്റെ കാല് അടിച്ചു തകര്‍ത്തു. തൃശ്ശൂര്‍ ജില്ലയിലെ തൃപ്പറ്റിലാണ് സംഭവം. കല്ലൂര്‍ വീട്ടില്‍ ശ്രീനിവാസന്റെ മകന് ശ്രീജിത്തിനാണ് (40) ആക്രമണത്തില്‍ പരിക്കേറ്റത്. കാലിന് പരിക്കേറ്റ ശ്രീജിത്ത് ചികിത്സയിലാണ്.
തിങ്കളാഴ്ച്ച രാവിലെ 8.30ഓടെയാണ് സംഭവം. തൃപ്പറ്റ് റേഷന്‍കടക്ക് സമീപത്തുള്ള ചായക്കടയില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. പുലര്‍ച്ചെ 5.15നാണ് മൂന്നംഗ ആക്രമിസംഘം സ്കൂട്ടറിലെത്തിയത്. കുറേനേരം ചുറ്റിപ്പറ്റി നിന്ന് ആളൊഴിഞ്ഞ നേരത്ത് ചായക്കടയില്‍ കയറി ചായ കുടിക്കുകയും പാര്‍സല്‍ പറയുകയും ചെയ്തു.
തുടര്‍ന്ന് വീണ്ടും ചായ പറഞ്ഞു. ഈ സമയത്ത് ഒരാള്‍ മുളകുപൊടി ശ്രീജിത്തിന്റെ കണ്ണിലേക്ക് എറിയുകയും ആക്രമിക്കുകയുമായിരുന്നു. ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നു. അടിയില്‍ കാലിന് പരിക്കേറ്റ ശ്രീജിത്തിനെ അടുത്ത കടയിലുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് പുന്നൂക്കാവ് ശാന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് കൂടുതല്‍ ചികിത്സക്കായി കുന്നംകുളം ആശുപത്രിയിലേക്ക് കൊണ്ടുപോയി. വടക്കേക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.അക്രമിസംഘം സ്കൂട്ടറില്‍ വന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
നേരത്തെ ദൃശ്യമാധ്യമ പ്രവര്‍ത്തകനായിരുന്ന ശ്രീജിത്ത്, തണ്ണീര്‍ത്തടം നികത്തല്‍ ഉള്‍പ്പടെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. പിന്നീട് പിതാവിനെ സഹായിച്ച് ചായക്കടയില്‍ ജോലി ചെയ്യുന്നതിനിടയില്‍ വിവരാവകാശ പ്രവര്‍ത്തനം തുടര്‍ന്നിരുന്നു.