വീട്ടില്‍ കയറിയ മോഷ്ടാവിനെ അതിസാഹസികമായി നേരിട്ട് വിദ്യാര്‍ത്ഥി. കടാതി നടുക്കുടി വീട്ടില്‍ ബിജുവിന്റെ വീട്. ബിജുവിന്റെ മകള്‍ എല്‍എല്‍ബി നാലാം വര്‍ഷ വിദ്യാര്‍ഥിനി കൃഷ്ണയാണ് മല്‍പ്പിടിത്തത്തിലൂടെ കള്ളനെ പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.
കൃഷ്ണ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പതിവുപോലെ ഓണ്‍ലൈന്‍ ക്ലാസില്‍ പഠനത്തിലാണ് അവള്. പെട്ടെന്ന് തൊട്ടടുത്ത മുറിയില്‍നിന്ന് എന്തൊക്കെയോ ശബ്ദം കേള്‍ക്കുന്നു. ചെന്നു നോക്കുമ്പോള്‍ കാണുന്നത് മുറിയില്‍ ഒരു നാടോടി സ്ത്രീ നില്‍ക്കുന്നതാണ്. അലമാരകള്‍ തപ്പിപ്പെറുക്കി ആഭരണങ്ങളും പഴ്സുമൊക്കെ ആ നാടോടി സ്ത്രീ കൈക്കലാക്കിയിരിക്കുന്നു.
പിന്നെ ഒന്നും നോക്കിയില്ല, നല്ല ആരോഗ്യമുണ്ടായിരുന്ന നാടോടി സ്ത്രീയുമായി മല്‍പ്പിടിത്തമായി കൃഷ്ണ. ഒടുവില്‍ നാടോടി സ്ത്രീക്ക് ഇറങ്ങി ഓടേണ്ടിവന്നു. കൃഷ്ണയുടെ മനോധൈര്യം കൊണ്ടുമാത്രമാണ് വലിയ പരുക്കുകളില്ലാതെ രക്ഷപ്പെടാനായതെന്ന് പൊലീസും പറയുന്നു.
”മോഷണം തടയാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ ജീവനു വേണ്ടി ഞാന്‍ ഉച്ചത്തില്‍ കരഞ്ഞു. എന്നാല്‍ നാടോടി സ്ത്രീയുടെ വലതു കയ്യിലെ രണ്ടു വിരലുകളുടെ നഖത്തില്‍ മാത്രം കറുപ്പു നിറത്തിലുള്ള നെയില്‍ പോളിഷ് പോലെന്തോ പുരട്ടി കഴുത്തില്‍ അമര്‍ത്തിയതോടെ ശബ്ദം പുറത്തേക്കു വരാത്ത അവസ്ഥയിലായി”- കൃഷ്ണ പറയുന്നു.
”ശക്തമായ വേദന അനുഭവപ്പെട്ടു. ഞാനറിയാതെ എന്റെ കണ്ണില്‍ നിന്നു കണ്ണീര് വന്നുവെങ്കിലും ഭയം തോന്നിയില്ല. ആളുകളെ അറിയിച്ച് മോഷ്ടിക്കാനെത്തിയ സംഘത്തെ പിടികൂടണമെന്ന വാശിയായിരുന്നു. എന്നെ കീഴടക്കാന്‍ നെറ്റിയുടെ നടുക്ക് വിരല്‍ അമര്‍ത്താന്‍ നാടോടി സ്ത്രീ ആവര്‍ത്തിച്ചു ശ്രമിച്ചെങ്കിലും തല വെട്ടിച്ച് മാറ്റി ഇതില്‍ നിന്നു രക്ഷപ്പെട്ടു.
കയ്യില്‍ കിട്ടിയ വടി എടുത്ത് അടിച്ചു. രക്ഷയില്ലെന്നു കണ്ടപ്പോള്‍ അവര്‍ എന്റെ കയ്യിലും കാലിലും പിടിത്തമിട്ടു. കൈവിരലുകള്‍ കൊണ്ട് പ്രത്യേക രീതിയില്‍ അമര്‍ത്തിയതോടെ വേദന സഹിക്കാന്‍ കഴിയാതെ വന്നു. ഇതോടെ അവര്‍ക്കു മേലുള്ള എന്റെ പിടിവിട്ടു. എഴുന്നേല്ക്കാന് കഴിയാത്ത വിധത്തിലായി. അതിനിടയില്‍ അവര്‍ രക്ഷപ്പെടുകയും ചെയ്തു’.-കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇതാദ്യമായല്ല കൃഷ്ണ മോഷ്ടാക്കളെ നേരിടുന്നത്. ഒരു വര്‍ഷം മുന്‍പ് വീട്ടില്‍ അതിക്രമിച്ചു കടന്ന മറ്റൊരു മോഷ്ടാവിനെയും കൃഷ്ണ തന്ത്രപൂര്‍വം പിടികൂടിയിരുന്നു. വീടിന്റെ ജനലിന് അരികില്‍ ആളനക്കം കണ്ട കൃഷ്ണ കട്ടിലിനു താഴെ ഇറങ്ങി ഇഴഞ്ഞ് അച്ഛന്റെയും അമ്മയുടെയും മുറിയില്‍ എത്തി അവരെ വിവരം അറിയിക്കുകയും എല്ലാവരും ചേര്‍ന്ന് മോഷ്ടാവിനെ പിടികൂടുകയുമായിരുന്നു.