തിരുവനന്തപുരം : മത്സ്യത്തൊഴിലാളികളുടെ ബുദ്ധമുട്ടുകള്‍ കണ്ട് കടലമ്മ കനിഞ്ഞു, വിഴിഞ്ഞം കടപ്പുറത്ത് കൊഴിയാള ചാകര. ഏറെ നാളായി കടലില്‍ പോയിട്ടും മീനില്ലെന്ന മത്സ്യത്തൊഴിലാളികളുടെ പരാതി ഇതോടെ അവസാനിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ചാകര നല്കി കടലമ്മ കനിഞ്ഞതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് നല്ല കൊയ്ത്ത് കിട്ടി. രാവിലെ മുതല്‍ വിഴിഞ്ഞം കടപ്പുറത്ത് കൊഴിയാള ചാകരയായിരുന്നു. വാര്‍ത്തയറിഞ്ഞ് തമിഴ്നാട്ടില്‍ നിന്നു പോലും മത്സ്യം വാങ്ങാന്‍ ആളുകള്‍ ഇവിടെ എത്തി.
എന്നാല്‍ ആരെയും നിരാശരാക്കാതെ കൊഴിയാളയേയും കൊണ്ട് വള്ളങ്ങള്‍ തീരത്തണയുകയായിരുന്നു. ഇതോടെ കരയില്‍ മത്സ്യം ഇടാന്‍ സ്ഥലമില്ലാതെ വിഷമിക്കുന്ന അവസ്ഥ വരെ എത്തി. കുന്നു കണക്കിന് മീന്‍ എത്തിയതോടെ മത്സ്യത്തിന്റെ വിലയും താഴെയെത്തി.
രാവിലെ കുട്ട ഒന്നിന് രണ്ടായിരം രൂപയുണ്ടായിരുന്നത് ഉച്ചയോടെ മുന്നൂറ് രൂപയായി. ആളുകള്‍ ആവശ്യത്തില്‍ കൂടുതല്‍ വാങ്ങി പിരിഞ്ഞതോടെ തമിഴ്നാട്ടില്‍ നിന്നും കോഴിതീറ്റ ഉണ്ടാക്കുന്നതിനായി എത്തിയ ഫാക്ടറിക്കാര്‍ മത്സ്യം വാങ്ങി. എന്നാല്‍ മോഹവിലയുണ്ടായിരുന്ന മത്സ്യം ഒറ്റദിവസം കൊണ്ട് താഴെ എത്തിയതില്‍ മത്സ്യത്തൊഴിലാളികള്‍ നിരാശരുമാണ്.