കഴക്കൂട്ടം: ദിനംപ്രതി പോലീസിനെതിരെനിരവധി പരാതികളാണ് ഉയരുന്നത്. ഇപ്പോഴിതാ വീടിനുസമീപം നിന്നതിന് പൊലീസ് മര്‍ദിച്ചതായി പരാതി നല്‍കിയിരിക്കുകയാണ് യുവാവ്. കഴക്കൂട്ടത്താണ് സംഭവം. ഷിബുകുമാര്‍ എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രിയില്‍ വീടിനു സമീപം നില്‍ക്കുകയായിരുന്ന തന്നെ കാരണം പറയാതെ കഴക്കൂട്ടം പോലീസ് മര്‍ദിച്ചുവെന്നും വീട്ടിലേക്ക് കയറിപ്പോകാന്‍ പറഞ്ഞുവെന്നും ഷിബുകുമാര്‍ നല്കിയ പരാതിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനുമാണ് ഷിബു പരാതി നല്‍കിയിരിക്കുന്നത്.
ഷിബുവിന്റെ ദേഹത്ത് അടിയേറ്റ പാടുകളുണ്ട്. മര്‍ദ്ദനമേറ്റതിന് പിന്നാലെ ഷിബു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. കേറിപ്പോടാ അകത്തേക്കെന്ന് പറഞ്ഞ് പറഞ്ഞായിരുന്നു അടി. താന്‍ ചെയ്ത തെറ്റ് എന്താണെന്ന് പോലും പറയാതെയായിരുന്നു പോലീസ് മര്‍ദ്ദിച്ചതെന്ന് ഷിബു പറയുന്നു. എന്നാല്‍ സാമൂഹ്യ വിരുദ്ധരെ ഓടിച്ചു വിടുകയാണ് ചെയ്തതെന്നാണ് പൊലീസിന്റെ വിശദീകരണം.