കൊച്ചി: പതിവുപോലെ വ്യായാമം ചെയ്തശേഷം ടെറസില്‍ വിശ്രമിക്കവെയായിരുന്നു 18കാരിയായ ഐറിന്റെ ദാരുണാന്ത്യം. കാല്‍വഴുതി 10നില ഫ്ലാറ്റിന് മുകളില്‍ നിന്നും വീണ ഐറിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇന്നലെ രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്. എറണാകുളം ചിറ്റൂര്‍ റോഡില്‍ ശാന്തി തോട്ടക്കാട്ട്ഫ്ലാറ്റിന് മുകളില്‍ നിന്നാണ് പെണ്‍കുട്ടി താഴെ വീണത്. സഹോദരന് അലനും ബന്ധുവായ പെണ്‍കുട്ടിക്കുമൊപ്പം വ്യായാമത്തിന് ശേഷം ടെറസിലെ പാരപ്പെറ്റിനോട് ചോര്‍ന്നുള്ള ടൈലിട്ട ബെഞ്ചില്‍ ഇരിക്കുകയായിരുന്നു ഐറിന്.
കാലുകള്‍ ബഞ്ചില്‍ കയറ്റിവച്ച് ഹെഡ്ഫോണില് പാട്ടുകേട്ടിരുന്നു. ഇതിനിടെ ബന്ധുവിന്റെ വിളികേട്ട് ചാടിയെഴുന്നേറ്റപ്പോള്‍ കാല്‍വഴുതി പിന്നോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ബന്ധുക്കള്‍ ഉടന്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ചാലക്കുടി സ്വദേശികളാണ് റോയ് കെ ഊക്കന്‍- ബെന്‍സി ദമ്പതികളുടെ ഇളയമകളാണ് ഐറിന്. കഴിഞ്ഞ ജനുവരിയിലാണ് കൊച്ചിയിലെ ഫ്ലാറ്റില്‍ ഇവര്‍ താമസം തുടങ്ങിയത്. റിയാദില്‍ ജോലി ചെയ്യുകയാണ് റോയ്. മൂന്നാം നിലയിലാണ് ഐറിന്റെ കുടുംബം താമസിക്കുന്നത്.
ടെറസില്‍ നിന്ന് താഴേക്ക് വീണ ഐറിന് ആറാം നിലയുടെ സൈഡ് മേല്‍ക്കൂരയില്‍ തലയിടിച്ചുവീണ് ഫ്ലാറ്റിനോട് ചേര്‍ന്നുള്ള കാര്‍പോര്‍ച്ചിന്റെ മുകളില്‍ പതിച്ചു. കാര്‍പോര്‍ച്ചിന്റെ ഷീറ്റ് തകര്‍ന്നാണ് നിലത്തുവീണത്. തലയ്ക്കായിരുന്നു ഗുരുതര പരിക്ക്. പ്ലസ് ടു പരീക്ഷയില്‍ 97 ശതമാനം മാര്‍ക്കോടെ ജയിച്ച സന്തോഷം മായും മുമ്പേയാണ് ദാരുണ സംഭവം.