തിരൂര്‍: പതിവായി വീടുകളിലും ഷോപ്പുകളിലും മോഷണം നടത്തി നാട്ടുകാരെ വട്ടം കറക്കിയ കള്ളന് ഒടുവില്‍ പോലീസ് പിടിയില്‍. കൂട്ടായി ആശാന്‍പടി കാക്കച്ചന്റെ പുരക്കല്‍ സഫ്വാനെയാണ് (30) പിടിയായത്. തിരൂരില്‍നിന്നാണ് മോഷ്ടാവിനെ പോലീസ് പിടികൂടിയത്.
വിവിധ മോഷണക്കേസുകളിലെ പ്രതിയാണ് സഫ്വാന്. തിരൂര്‍ താഴേപ്പാലം വ്യാപാര ഭവനടുത്ത് വെച്ച് കണ്ടതോടെ ഓടിപ്പോവാന്‍ ശ്രമിച്ചതില്‍ സംശയം തോന്നിയാണ് പിടികൂടി ചോദ്യം ചെയ്തത്. ഇതോടെയാണ് ഏറെ നാളായിട്ടുള്ള പ്രദേശത്തെ എല്ലാ കളവുകളുടെയും ഉത്തരവാദിത്തം ഇയാള്‍ ഏറ്റെടുക്കുന്നത്.
വീടുകളിലും ഷോപ്പുകളിലുമാണ് ഇയാള്‍ തന്റെ മോഷണങ്ങള്‍ പതിവാക്കിയിരുന്നത്. മലപ്പുറം കോഴിക്കോട് ജില്ലകളിലെ താനൂര്‍, ഫറൂഖ്, കൊണ്ടോട്ടി, ചേവായൂര്‍, ഇരിങ്ങാലക്കുട, കാടാമ്പുഴ, പന്തീരങ്കാവ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കളവുകേസ് നിലവിലുണ്ട്.
മോഷണക്കേസില്‍ ഉള്‍പ്പെട്ട് മൂന്നുമാസം മുന്‍പാണ് കോഴിക്കോട് ജയിലില്‍ നിന്ന് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. പിടിയിലായ പ്രതിയുടെ കയ്യില്‍നിന്ന് രണ്ട് ഫോണും മോഷണത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തു. തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.