ഉറ്റവരല്ലെങ്കിലും ചിലരുടെ വിയോഗം നമ്മെ തളര്‍ത്തും. അത്തരത്തില്‍ മനസ്സിനെ വേദനിപ്പിച്ച 22കാരന്റെ മരണവാര്‍ത്തയെക്കുറിച്ച് പറയുകയാണ് സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരി. കണ്ണൂര്‍ വാരം സ്വദേശിയായ ഷാസിലിന്റെ വിയോഗത്തെക്കുറിച്ചാണ് അഷ്റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചത്.
ഷാര്‍ജയില്‍ വാഹനാപകടത്തിലാണ് ഷാസില്‍ മരണപ്പെട്ടത്. അപകടം നടന്നയുടനെ ഷാസിലിനെ ഷാര്‍ജയിലെ കുവൈത്ത് ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ നേരം വെളുക്കുമ്പോഴേക്കും അപ്രതീക്ഷിതമായി എല്ലാവരെയും ദുഖത്തിലാഴ്ത്തിക്കൊണ്ട് ഈ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
രണ്ട് ചെറുപ്പക്കാര്‍ ഇന്നലെ രാത്രി ജോലിയും കഴിഞ്ഞു താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ സഞ്ചരിച്ച വാഹനം തകരാറിലായിരുന്നു. അതേ തുടര്‍ന്ന് കാര്‍ റോഡില്‍ നിന്നും ഓരത്തേക്ക് തള്ളി നീക്കവേ പിറകില്‍ വന്ന വാഹനം ഇടിച്ചാണ് കണ്ണൂര്‍ വാരം സ്വദേശിയായ ഷാസില്‍ (22) എന്ന ചെറുപ്പക്കാരന് പരിക്കേല്‍ക്കുന്നത്. ഉടനെ തന്നെ ഷാര്‍ജയിലെ കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചു അടിയന്തിര ചികിത്സ നേടിയിരുന്നു. നേരം വെളുക്കുമ്പോഴേക്കും അപ്രതീക്ഷിതമായി എല്ലാവരെയും ദുഖത്തിലാഴ്ത്തിക്കൊണ്ട് ഈ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഡ്രൈവിംഗ് ലൈസന്‍സിന് വേണ്ടിയുള്ള പരിശ്രമത്തിനിടയില്‍ ആദ്യ കടമ്പ കടന്നതിന്റെ സന്തോഷം ഷാസിന് തന്റെ കൂട്ടുകാരോടൊപ്പം പങ്കിട്ടതിന്റെ അടുത്ത ദിവസം തന്നെ നൊമ്പരപ്പെടുത്തുന്ന വാര്‍ത്ത കേള്‍ക്കേണ്ടിവന്ന സുഹൃത്തുക്കളുടെ നൊമ്പരം പറഞ്ഞാല്‍ തീരില്ല. വീട്ടുകാര്‍ക്കും ഉറ്റവര്‍ക്കും അടക്കാനാകാത്ത വേദനയായി ഷാസിന്റെ വിയോഗം . മാതാവും പിതാവും രണ്ട് പെങ്ങമ്മാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ഈ ചെറുപ്പക്കാരന്. ഇന്ന് രാത്രി ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് അയച്ചു. വെള്ളിയാഴ്ച്ച ഖബറടക്കും. ആകസ്മികമായ വേര്‍പാടില്‍ വേദനയനുഭവിക്കുന്ന ഷാസിന്റെ ഉറ്റവര്‍ക്ക് ഉടയ തമ്പുരാന് ക്ഷമയും സഹനവും നല്കി അനുഗ്രഹിക്കട്ടെ. പരേതന് ദൈവം തമ്പുരാന് സ്വര്‍ഗ്ഗം നല്കി അനുഗ്രഹിക്കുമാറാകട്ടെ……
Ashraf thamarasseri