കോട്ടയം: കോട്ടയത്ത് പഞ്ചായത്ത് പ്രസിഡന്റിനെ പെരുമ്പാമ്പ് കടിച്ചു. പിടികൂടിയ പെരുമ്പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിനിടെയായിരുന്നു അപകടം. കോട്ടയം തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോര്‍ജിനാണ് പെരുമ്പാമ്പിന്റെ കടിയേറ്റത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. പാമ്പിനെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ സഹായിക്കുന്നതിനിടെയാണ് ജോര്‍ജിന് കടിയേറ്റത്. നെടുംചേരി പ്രദേശത്ത് പെരുമ്പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രസിഡന്റിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ജോര്‍ജ് സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് സംഭവ സ്ഥലത്തേക്ക് പോകുകയും പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുകയുമായിരുന്നു. പെരുമ്പാമ്പിനെ പിടികൂടി ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ജോര്‍ജിന്റെ രണ്ട് കൈകളിലും പാമ്പ് കടിക്കുകയായിരുന്നു.
തുടര്‍ന്ന് രക്തസ്രാവം നിലക്കാത്തതിനെ തുടര്‍ന്ന് വിജി ജോര്‍ജിന് ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ആശുപത്രിയിലെത്തിയുള്ള കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയതിനാല്‍ അദ്ദേഹത്തെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.