കോഴിക്കോട്: രോഗികളുടെയും അപകടങ്ങളില്‍പ്പെട്ടവരുടെയും ജീവന് രക്ഷിക്കാനായി ആംബുലന്‍സുമായി കുതിച്ചു പാഞ്ഞിരുന്ന ദീപ ഇപ്പോള്‍ സ്വന്തം മകളുടെ ജീവന് രക്ഷിക്കാനുള്ള പ്രാര്‍ഥനയിലാണ്. ദീപയുടെ മകള്‍ എയ്ഞ്ചല്‍ മരിയ(13) പാമ്പു കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ് എയ്ഞ്ചല്‍ ചികിത്സയില്‍ കഴിയുന്നത്. കല്ലാച്ചി ഗവ. എച്ച്എസ്എസ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ എയ്ഞ്ചലിന് ജൂണ്‍ 30ന് കണ്ണൂര്‍ ഇരിട്ടിയിലെ ബന്ധുവീട്ടില്‍ വച്ചാണ് പാമ്പു കടിയേറ്റത്.
ആദ്യം പരമ്പരാഗത വിഷചികിത്സയാണ് നല്‍കിയത്. സ്ഥിതി വഷളായതോടെ ആശുപത്രിയിലെത്തിച്ചു. തുടര്‍ച്ചയായി ഡയാലിസിസിനു വിധേയമാക്കുകയാണിപ്പോള്‍. ചികിത്സയ്ക്ക് 10 ലക്ഷം രൂപയോളം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കോളജ് ബസ് ഡ്രൈവറായിരുന്നു വിലങ്ങാട് സ്വദേശിനി ദീപ ജോസഫിന് കോവിഡിനെ തുടര്‍ന്നു ജോലി നഷ്ടപ്പെട്ടമായി. ഇതിന് ശേഷമാണ് ആംബുലന്‍സ് ഡ്രൈവറായത്. സാമ്പത്തികമായി താഴ്ന്ന കുടുംബത്തിലെ ദീപയ്ക്ക് ഇത്രയും വലിയ തുക സ്വരൂപിക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ ഉദാരമതികളുടെ സഹായം തേടുകയാണ്.