കൊച്ചി: കൈയ്യില്‍ കല്ലുമായി നഗരത്തിലൂടെ നടക്കുന്ന മധ്യവയസ്കന് നാട്ടുകാര്‍ക്ക് പേടി സ്വപ്നമാകുകയാണ്. കൊച്ചി മൂഴിക്കുളത്താണ് സംഭവം. മാനസിക ദൗര്‍ബല്യമുള്ള ഇയാള്‍ ചെട്ടിക്കുളം സ്വദേശിയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനോടകം നിരവധി തവണയാണ് നഗരത്തിലെ എടിഎം ഇയാള്‍ കല്ലെറിഞ്ഞ് തകര്‍ത്തത്.
മൂഴിക്കുളം റോഡിലെ എടിഎം ഇയാള്‍ മൂന്നു തവണയാണ് കല്ലെറിഞ്ഞു തകര്‍ത്തത്. രണ്ടു വര്‍ഷം മുന്‍പ് മൂഴിക്കുളത്തെ എസ്ബിഐ എടിഎം കൗണ്ടറും മെഷീനും ഇയാള്‍ തകര്‍ത്തിരുന്നു. മോഷണ ശ്രമം ആണെന്നു കരുതി പൊലീസ് ഏറെ നാള് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.
ഏതാനും ആഴ്ചകള്‍ക്കു മുന്‍പു പട്ടാപ്പകല്‍ ഇയാള്‍ എടിഎമ്മിലേയ്ക്കു കല്ല് വലിച്ചെറിഞ്ഞു ഗ്ലാസുകള്‍ പൊട്ടിച്ചിരുന്നു. ഇന്നലെയും ഇത്തരത്തില്‍ കല്ലെറിഞ്ഞു ചില്ല് പൊട്ടിച്ചു. കല്ലെറിഞ്ഞപ്പോള്‍ അകത്ത് ഉണ്ടായിരുന്ന രണ്ടു യുവാക്കള്‍ ഏറു കൊള്ളാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഇയാളുടെ ഭീഷണി മൂലം പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളും തുറക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നു വ്യാപാരികള്‍ പറയുന്നു. ആളുകളെ എറിയാറില്ലെങ്കിലും കയ്യില്‍ കല്ലുകളുമായി ഇയാളെ കാണുമ്പോള്‍ എല്ലാവര്ക്കും പേടിയാണ്. പൊലീസില്‍ അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്നും വ്യാപാരികള്‍ ആരോപിച്ചു.