എടപ്പാള്‍: വാഹനമിടിച്ച് പരിക്കേറ്റ മയിലിനെ രക്ഷിക്കാന്‍ പരിശ്രമിച്ച പഞ്ചായത്ത് പ്രസിഡന്റിനെയും യുവാക്കളെയും വിഷമത്തിലാഴ്ത്തി മയിലിന് ദാരുണാന്ത്യം. ചങ്ങരംകുളത്താണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റ് കഴുങ്കില്‍ മജീദും ഒരുപറ്റം യുവാക്കളുമാണ് മിണ്ടാപ്രാണിയോട് കരുണ കാട്ടി ജീവന് രക്ഷിക്കാനായി പരിശ്രമിച്ചത്.
ഇവര്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും അകത്തേറ്റ ക്ഷതം ഗുരുതരമായതിനാലാണ് മയിലിനെ രക്ഷിക്കാന്‍ കഴിയാതെ പോയത്. ചങ്ങരംകുളത്ത് നിന്ന് വാഹനമിടിച്ച് കിടന്ന മയിലിനെ എടപ്പാളിലെ വ്യാപാരിയായ കുന്നംകുളം സ്വദേശി ബാബുവാണ് കട തുറക്കാന്‍ വരുന്നതിനിടെ തെന്റ വാഹനത്തില്‍ കയറ്റി വട്ടംകുളം മൃഗാശുപത്രിയിലെത്തിച്ചത്.
ഇവിടുത്തെ ഡോക്ടര്‍ കഴിഞ്ഞ ദിവസം വിരമിച്ചിരുന്നു. പകരക്കാരന് എത്തിയിട്ടുമില്ല. വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റ് കഴുങ്കില്‍ മജീദ് തൊട്ടടുത്ത കാലടി മൃഗാശുപത്രിയിലെ ഡോക്ടറെ വിളിച്ച് ചികിത്സ ഉറപ്പാക്കി. എടപ്പാള്‍ പഞ്ചായത്ത് മുന്‍ അംഗവും മൃഗസ്നേഹിയുമായ വി.കെ.എ. മജീദ് മയിലുമായി കാലടിയിലേക്ക് കുതിച്ചു.
ഡോക്ടര്‍ പരിശോധിച്ച് ചികിത്സ നല്കി. മുറിവില്‍ മരുന്ന് പുരട്ടി ശാരീരിക അവസ്ഥ ഭേദമായതോടെ വട്ടംകുളം മൃഗാശുപത്രിയിലെത്തിച്ച് കൂട്ടിലടച്ച് നിലമ്പൂരിലെ വനം വകുപ്പ് ഓഫിസിലേക്ക് വിവരവും നല്കി. ഇതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇടിച്ചത് മൂലം അകത്തേറ്റ ക്ഷതമാകാം മരണകാരണം.