‘ എന്നെപഠിപ്പിക്കാന് ഇനി അമ്മയില്ലല്ലോ… അച്ഛനും പോയില്ലേ’ – നിറകണ്ണുകളോടെയുള്ള അലന്റെ വാക്കുകള്‍ കേട്ട് അധ്യാപകരുടെ നെഞ്ചുതകര്‍ന്നു. സ്കൂള്‍ പ്രവേശനോത്സവമായ ഇന്നലെ കാണാനെത്തിയ അധ്യാപകരോടായിരുന്നു മാതാപിതാക്കളെ നഷ്ടപ്പെട്ട് തനിച്ചായ 10 വയസ്സുകാരന് തന്റെ വേദന തുറന്നുപറഞ്ഞത്.
കോവിഡ് ബാധിച്ചാണ് അലന്റെ മാതാപിതാക്കളായ മണലൂര്‍ ചുളളിപ്പറമ്പില്‍ സുഭാഷും ജിജിയും മരിച്ചത്. ദമ്പതികളുടെ ഏക മകനാണ് അന്. അച്ഛനും അമ്മയും പോയതോടെ അലന് തനിച്ചായി. അവധിക്കാലം കഴിഞ്ഞ് എല്ലാവരും പഠനത്തിലേക്ക് തിരിയുമ്പോള്‍ അച്ഛനമ്മമാരെ നഷ്ടപ്പെട്ട വേദനയിലാണ് അലന്.
അലനെ കാണാന്‍ മാതൃ വിദ്യാലയമായ മണലൂര്‍ സെന്റ് ഇഗ്നേഷ്യസ് സ്കൂളില്‍ നിന്നും മാനേജര്‍ ഫാ. ജോണ്സണ് ഒലക്കേങ്കില്‍, ഹെഡ്മിസ്ട്രസ് കാതറിന്, പിടിഎ പ്രസിഡന്റ് സി.എ.സണ്ണി, ഒഎസ്എ പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവരും അധ്യാപകരുമാണ് എത്തിയത്.
പ്രിയപ്പെട്ട അധ്യാപകര്‍ക്ക് മുന്നിലായിരുന്നു അലന് ആരുമില്ലാത്ത സങ്കടം പങ്കുവച്ചത്. അലന്റെ വിഷമം കണ്ടുനില്‍ക്കാനാവാതെ അധ്യാപകര്‍ അവനെ കെട്ടിപ്പിടിച്ചു പറഞ്ഞു. ‘മോന് ഇനി ഒറ്റയ്ക്കല്ല, ഞങ്ങളുണ്ട് കൂടെ’ എന്ന് പറഞ്ഞു. എന്നും ഒപ്പമുണ്ടാകുമെന്ന് ഉറപ്പുകൊടുത്തും ചേര്‍ത്തുനിര്‍ത്തിയും കുഞ്ഞുമനസ്സിനു ധൈര്യം പകര്‍ന്ന ശേഷമാണ് അധ്യാപകര്‍ മടങ്ങിയത്.