വാടാനപ്പള്ളി: കോവിഡ് ബാധിച്ച് അവശയായ ദലിത് വയോധികക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന് പരാതി. വാടാനപ്പള്ളിയിലെ ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ 80കാരിക്കാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചത്.
ഞായറാഴ്ച രാത്രി 11.30ന് വാര്‍ഡിലെ ആശാവര്‍ക്കര്‍ സീമ ഗണേശന് അറിയിച്ചതിനെ തുടര്‍ന്ന് ആര്.ആര്.ടി അംഗങ്ങളായ ഇര്‍ഷാദ് കെ. ചേറ്റുവ, എസ്.എ. നവാസ്, ആര്.എ. സെയ്ഫുള്ള, പി.എം. മുഹമ്മദ് റാഫി എന്നിവര്‍ എത്തിയാണ് വയോധികയെ സ്വകാര്യ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററിലെത്തിച്ചത്.
രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളുമടക്കം എല്ലാവര്ക്കും കോവിഡ് ബാധിച്ച വീട്ടില്‍ ഇര്‍ഷാദ് ചേറ്റുവ, നവാസ്, സെയ്ഫുള്ള എന്നിവരും ആബുലന്‍സ് ജീവനക്കാരും പി.പി.ഇ കിറ്റ് അണിഞ്ഞ് എത്തിയാണ് വയോധകയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ആശുപത്രി അധികൃതര്‍ രോഗിയെയും കൂട്ടുവന്ന കോവിഡ് സ്ഥിരീകരിച്ച മകളെയും ആര്.ആര്.ടി അംഗങ്ങളെയും അര മണിക്കൂര്‍ പുറത്തുനിര്‍ത്തിയെന്നാണ് പരാതി.