ആലപ്പുഴ: സുഹൃത്തുക്കളായ രണ്ട് പേരെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴയിലെ തുറവൂരിലാണ് സംഭവം. മദ്യം കിട്ടാത്തതിനാല്‍ സാനിറ്റൈസര്‍ കുടിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്റെ സംശയം.
തുറവൂര്‍ ചാവടി സ്വദേശിയായ ബൈജു (50), സ്റ്റീഫന്‍ (46) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റമോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഉറ്റചങ്ങാതിമാരായ ബൈജുവും സ്റ്റീഫനും അടുത്തടുത്ത വീടുകളിലായി ഒറ്റയ്ക്കായിരുന്നു താമസം.
ഇന്നലെ രാത്രിയോടെ ബൈജുവിന്റെ വീട്ടില്‍ ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യം കുറച്ച് മാത്രം കിട്ടിയതിനാല്‍ സാനിറ്റൈസറോ വീര്യം കൂടിയ വാറ്റ് ചാരായമോ ഇതോടൊപ്പം കഴിച്ചിട്ടുണ്ടാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മദ്യപിച്ച ശേഷം ഇരുവരും സ്വന്തം വീടുകളിലേക്ക് പോയിട്ടുണ്ടാവാം എന്നും പൊലീസ് പറയുന്നു.
രാവിലെ ഏഴ് മണിയോടെ ബൈജുവിനെയാണ് ആദ്യം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിത്. പിന്നാലെ സ്റ്റീഫനെ അന്വേഷിച്ച് പോയ സുഹൃത്തുക്കള്‍ അയാളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് പരിശോധനയില്‍ ഇവരുടെ വീടുകളില്‍ നിന്ന് ഒഴിഞ്ഞ സാനിറ്റൈസര്‍ കുപ്പികളും വാറ്റ് ചാരായം വാങ്ങിയ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.