കോഴിക്കോട്: മിണ്ടാപ്രാണികളോട് വീണ്ടും കണ്ണില്ലാ ക്രൂരത. ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്കെറിഞ്ഞു. കോഴിക്കോട്- ബാലുശ്ശേരി റോഡില്‍ കക്കോടി മുക്കിനും കുമാരസ്വാമിക്കും ഇടയിലാണ് സമാനതയില്ലാത്ത ക്രൂര സംഭവം നടന്നത്.
കാറിന്റെ ബോഡിയില്‍ തട്ടി റോഡില്‍ വീണ് ഗുരുതര പരിക്കേറ്റ് പിടഞ്ഞ പൂച്ചകളെ ആര്.ആര്.ടി വളണ്ടിയര്‍ ജില്ല മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന സില്‍വര്‍ നിറമുള്ള കാറില്‍ നിന്നാണ് ചില്ല് താഴ്ത്തി പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് വലിച്ചെറിഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
പൂച്ചകളെ വലിച്ചെറിഞ്ഞ ശേഷം കാര്പെട്ടെന്ന് ഓടിച്ചു പോവുകയും ചെയ്തു. റോഡിലുണ്ടായിരുന്നവര്‍ ജീവനു വേണ്ടി പിടഞ്ഞ പൂച്ചകളെ റോഡരുകിലേക്ക് മാറ്റി വെള്ളം നല്കി. തുടര്‍ന്ന് 13-ാം വാര്‍ഡ് ആര്.ആര്.ടി വളണ്ടിയര്‍ പി. ഷനോജ് ലാലിനെ വിവരം അറിയിച്ചു.
അദ്ദേഹമെത്തി പിടയുന്ന പൂച്ചകളെ കൊട്ടയിലാക്കി ഉടന്‍ ജില്ല മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു പൂച്ചകുഞ്ഞുങ്ങളും ചത്തതായി ഡോക്ടര്‍ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തിന് തൊട്ടടുത്ത് പൊലീസിന്റെ കാമറ ഉണ്ടായിരുന്നതിനാല്‍ പൂച്ചയെ വലിച്ചെറിയുന്ന ദൃശ്യത്തിന് ട്രാഫിക് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ ബന്ധപ്പെട്ടെങ്കിലും ക്യാമറയുടെ പരിധിക്ക് പുറത്തായതിനാല്‍ ദ്യശ്യം ലഭ്യമായില്ല.
ചത്ത പൂച്ചക്കുഞ്ഞുങ്ങളെ പിന്നീട് ഷനോജ് തന്നെ കുഴിച്ചിട്ടു. നേരത്തെ കക്കോടി ഭാഗത്തും സമാന സംഭവം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.