പത്തനംതിട്ട: ആറിന്റെ തീരം ഇടിഞ്ഞ് ഉപദേവതാ ക്ഷേത്രം ആറ്റില്‍ പതിച്ചു. പത്തനംതിട്ട ജില്ലയിലെ നരിയാപുരം ആല്‍ത്തറ മഹാദേവ – സുബ്രഹ്മണ്യ ക്ഷേത്രത്തിലെ വനദുര്‍ഗ പ്രതിഷ്ഠ ഉണ്ടായിരുന്ന ഉപദേവതാ ക്ഷേത്രമാണ് വിഗ്രഹം ഉള്‍പ്പെടെ സമീപത്തു കൂടി ഒഴുകുന്ന അച്ചന്‍കോവില്‍ ആറ്റില്‍ പതിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. 2014 ല്‍ പ്രതിഷ്ഠ നടത്തിയ ദേവീ ക്ഷേത്രം കഴിഞ്ഞ ദിവസം രാത്രി പൂര്‍ണമായും ആറ്റിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. ക്ഷേത്രത്തിലെ കഴക ജോലി ചെയ്യുന്ന തങ്കമ്മ ഇന്നലെ രാവിലെ 6 മണിയോടെ എത്തിയപ്പോഴാണ് അപകടം കണ്ടത്.
തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളെ വിളിച്ച് അറിയിക്കുകയായിരുന്നു. ഉപദേവതാ ക്ഷേത്രത്തിന്റെ സേവ പന്തല്‍ താഴേക്ക് ഇടിഞ്ഞു വീണതു മാത്രമാണ് ഇപ്പോള്‍ കാണാനുള്ളത്. സമീപത്തുള്ള മഹാദേവ, സുബ്രഹ്മണ്യ ക്ഷേത്രങ്ങളും അപകട ഭീഷണിയിലാണ്.
നദിയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനൊപ്പം ക്ഷേത്രം നിര്‍മിച്ച കല്‍ക്കെട്ടും നദിയിലേക്ക് ഇടിഞ്ഞു വീണു. ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. തുടര്‍ച്ചയായി പെയ്ത മഴയില്‍ ആറ്റില്‍ വെള്ളം ഉയര്‍ന്നതോടെ ഒഴുക്കും ശക്തമായതാണ് പല ഭാഗത്തും തീരം ഇടിയാന്‍ കാരണം.