മലപ്പുറം: മലപ്പുറത്ത് കൊവിഡ് രോഗി സഞ്ചരിച്ച വാഹനം പോലീസ് പിടിച്ചെടുത്തെന്ന് പരാതി. പിടിച്ചെടുത്ത വാഹനത്തില്‍ നിന്നും കൊവിഡ് രോഗിയെ പോലീസ് റോഡില്‍ ഇറക്കി വിട്ടുവെന്നും ആരോപണമുണ്ട്. മലപ്പുറം മഞ്ചേരിയില്‍ ആണ് സംഭവം.
കാവനൂര്‍ സ്വദേശി ഷഫീഖിന്റെ വാഹനമാണ് പോലീസ് പിടിച്ചെടുത്തത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നും ആന്റിജന്‍ ടെസ്റ്റ് ചെയ്ത ഷഫീഖിന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് വണ്ടിയുടെ നമ്പര്‍ പ്ലേറ്റിലെ പ്രശ്നം ചൂണ്ടികട്ടി പോലീസ് വാഹനം പിടിച്ചെടുത്തത്. തുടര്‍ന്ന് ഷഫീഖിനെ റോഡില്‍ ഇറക്കി വിടുകയായിരുന്നു.
കൊവിഡ് രോഗിയാണെന്ന് പറഞ്ഞിട്ടും പോലീസ് വഴങ്ങിയില്ലെന്ന് ഷഫീഖ് പറയുന്നു. റോഡില്‍ ഇറക്കി വിട്ട ഷഫീഖിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് വീട്ടില്‍ എത്തിച്ചത്. ഡിവൈഎഫ്ഐയുടെ സ്നേഹവണ്ടിയിലാണ് ഷെഫീഖിനെ വീട്ടില്‍ എത്തിച്ചത്. സംഭവത്തില്‍ ഡിവൈഎഫ്ഐ എസ്പിക്ക് പരാതി നല്കി. ബൈക്ക് ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.