കൊടുങ്ങല്ലൂര്‍: മകളുടെ മരണവാര്‍ത്തയറിഞ്ഞതിന് പിന്നാലെ അമ്മയും മരിച്ചു. തൃശൂര്‍ മതിലകത്താണ് നാടിനെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയ സംഭവം ഉണ്ടായത്. റിട്ട. കെ എസ് ഇ ബി ജീവനക്കാരനായ മതിലകം വെസ്റ്റ് തോട്ടുപുറത്ത് ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രീതി എന്ന 49കാരിയും മകള്‍ ഉണ്ണിമായ എന്ന 27കാരിയുമാണ് ഒരേ രാത്രിയില്‍ ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.
ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ഇല്ലാതായതിനെ തുടര്‍ന്ന് ഓക്സിജന്‍ കോണ്സന്ട്രേറ്റര് പ്രവര്‍ത്തിക്കാതെ വന്നതോടെയാണ് ഉണ്ണിമായ മരിച്ചത്. ഹൃദയ വാല്‍വ് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇടയ്ക്കിടെ ശ്വാസതടസം അനുഭവപ്പെടാറുണ്ട്.
ഇതില്‍ നിന്നും ആശ്വാസം കണ്ടെത്തിയിരുന്നത് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഓക്സിജന്‍ കോണ്സന്ട്രേറ്ററിന്റെ സഹായത്തോടെ ആയിരുന്നു. വെള്ളിയാഴ്ച രാത്രി ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും വൈദ്യുതി നിലച്ചു. ഇതോടെ ഓക്സിജന്‍ കോണ്‍സന്‍ട്രേഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതെയായി.
അതിനിടെ ഓക്സിജന്‍ ലഭിക്കാതെ ഉണ്ണിമായ അവശയായി. ഉടന്‍ തന്നെ സമീപവാസികള്‍ വിവരമറിയിച്ചതനുസരിച്ച് ആംബുലന്‍സ് എത്തുകയും സികെ വളവ് ആസുപത്രിയില്‍ ഉണ്ണിമായയെ എത്തിക്കുകയും ചെയ്തു. എന്നാല്‍ ഈ സമയം മരണം സംഭവിച്ചിരുന്നു.
എന്നാല്‍ ഉണ്ണിമായയുടെ മരണ വിവരം അറിയിക്കാതെ അമ്മ പ്രീതയെ സമീപവാസികള്‍ ആശുപത്രിയില്‍ നിന്നും വീട്ടില്‍ എത്തിച്ചു. മകളുടെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സും വീട്ടു മുറ്റത്ത് എത്തിയതോടെ കാഴ്ച കണ്ട് പ്രീത തളര്‍ന്നു. മകളുടെ മൃതദേഹവുമായി എത്തിയ ആംബുലന്‍സില്‍ പ്രീതയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു. വീട്ട് മുറ്റത്ത് ആദ്യം മകള്‍ക്കും പിന്നാലെ അമ്മയ്ക്കും ചിതയൊരുങ്ങി. പ്രീതിയുടെ മകന് അരുണ്‍ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. ഇക്കഴിഞ്ഞ 13നായിരുന്നു ഉണ്ണിമായയുടെ മൂന്നാം വിവാഹ വാര്‍ഷികം.കാട്ടൂര്‍ പൊഞ്ഞനം കോമരത്ത് ലാലിന്റെ ഭാര്യയാണ് ഉണ്ണിമായ.