കോഴിക്കോട്: മത്സ്യത്തൊഴിലാളികളുമായി ബേപ്പൂരില്‍ നിന്ന് കടലില്‍ പോയ ബോട്ട് കാണാനില്ല. ഒരു ബോട്ട് കടലില്‍ കുടുങ്ങി. 15 തൊഴിലാളികളുമായി പോയ അജ്മീര്‍ ഷാ എന്ന ബോട്ടാണ് കാണാതായത്. കടലില്‍ കുടുങ്ങിയ മിലാദ് നമ്പര്‍ 3 ബോട്ടിലും 15 തൊഴിലാളികളാണുള്ളത്.
ബോട്ടിലുള്ളവര്‍ തമിഴ്നാട് സ്വദേശികളാണ്. ഈ മാസം അഞ്ചിനാണ് ഈ ബോട്ടുകളില്‍ ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. തിരച്ചിലിന് കോസ്റ്റ് ഗാര്‍ഡിന്റെ സഹായം തേടിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ഉടന്‍ തന്നെ തിരച്ചില്‍ തുടങ്ങും.
ടൗട്ടെ ചുഴലിക്കാറ്റ് മൂലം സംസ്ഥാനത്ത് ഇന്നും ശക്തമായ മവും കടലാക്രമണവും തുടരുകയാണ്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തിപ്രാപിച്ച അതിശക്ത ചുഴലിക്കാറ്റ് വടക്ക് വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും മെയ് 17 വൈകുന്നേരത്തോടു കൂടി ഗുജറാത്ത് തീരത്ത് എത്തുകയും ചെയ്യും.
തുടര്‍ന്ന് മെയ് 18 അതിരാവിലയോടു കൂടി ഗുജറാത്തിലെ പോര്‍ബന്ദര്‍, മഹുവ തീരങ്ങള്‍ക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.