കൊല്ലം; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ ദിവസങ്ങളോളം വീടിനുള്ളില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. കൊല്ലം ചടയമംഗലത്താണ് സംഭവം. സംഭവത്തില്‍ ചടയമംഗലം മേയില്‍ സ്വദേശി അജി അറസ്റ്റിലായി.
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ കൊട്ടാരക്കര സ്വദേശിനിയെയാണ് അജി പൂട്ടിയിട്ട് പീഡിപ്പിച്ചത്. പീഡനം സഹിക്കാനാവാതെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയുടെ തലയില്‍ പ്രതി ചുറ്റിക കൊണ്ട് അടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ വീട്ടമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
വിദേശത്തേക്കുളള വിസയുടെ കാര്യം സംസാരിക്കാനെന്നു പറഞ്ഞാണ് അജി ഈ മാസം ഒമ്പതിന് വീട്ടമ്മയെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടര്‍ന്ന് ബലം പ്രയോഗിച്ച് ഇവരെ വീട്ടില്‍ പൂട്ടിയിടുകയായിരുന്നു. മൂന്നു ദിവസത്തിനു ശേഷം അജിയുടെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങുന്നതിനിടെ വീട്ടമ്മയുടെ തലയില്‍ പ്രതി ചുറ്റിക കൊണ്ടടിച്ചു.
നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലാക്കിയതും സംഭവം പോലീസില്‍ അറിയിച്ചതും. തുടര്‍ന്ന് പോലീസ് അജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വധശ്രമക്കേസിലടക്കം പ്രതിയാണ് പിടിയിലായ അജി. ഭാര്യ ഉപേക്ഷിച്ച് പോയതാണ് ഇയാളെ. ഇതേ തുടര്‍ന്ന് അജി ഏറെ നാളായി വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു.
അതേസമയം തലക്ക് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.