അഞ്ചാലുംമൂട്: പോലീസിനെ കണ്ട് ഭയന്ന് കായലില്‍ ചാടിയ യുവാവിനെ ജീവന് പണയംവെച്ച് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവിന്റെ ജീവന് രക്ഷിക്കാന്‍ കഴിയാത്തതിന്റെ വേദനയിലാണ് നീരാവില്‍ ശ്യാം ഭവനില്‍ ശരത്തും (26) കുരീപ്പുഴ സ്വദേശി അനുവും (26).
കടവൂര്‍ സ്വദേശിയായ ഫുട്ബാള്‍ കോച്ച് പ്രവീണാണ് കായലില്‍ മുങ്ങി മരിച്ചത്. കഴിഞ്ഞദിവസം രാവിലെ കൊല്ലം ബൈപാസിലെ നീരാവില്‍ പാലത്തിനുതാഴെ യുവാക്കള്‍ ചീട്ടുക്കളിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെ കണ്ട് പ്രവീണ്‍ കായലിലേക്ക് ചാടുകയായിരുന്നു.
എന്നാല്‍ കുറച്ച് നീന്തിയെങ്കിലും പ്രവീണ്‍ കായലില്‍ മുങ്ങിത്താഴുകയായിരുന്നു. ഈ സമയം എതിര്‍ദിശയിലുള്ള കരയില്‍ ചൂണ്ടയിട്ടുകൊണ്ടിരിക്കുകയായിരുന്നു ശരത്തും അനുവും.
പ്രവീണ്‍ മുങ്ങിത്താഴുന്നത് കണ്ട് ഇവര്‍ കായലിലേക്ക് എടുത്തുചാടി.
ഇരുവരും ചേര്‍ന്ന് പ്രവീണിന്റെ അടുത്ത് എത്തിയെങ്കിലും ആദ്യം പിടുത്തമിടാനായില്ല. തുടര്‍ന്ന് സാഹസികമായാണ് പ്രവീണിനെ കരയിലെത്തിച്ചത്. ശേഷം പ്രാഥമിക ശ്രുശ്രൂഷകള്‍ നല്‍കുകയും ചെയ്തു. എതിര്‍ദിശയില്‍ നില്‍ക്കുകയായിരുന്ന പോലീസിനോട് ആംബുലന്‍സ് എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് തയാറായില്ലെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്ന് സമീപത്തെ റിസോര്‍ട്ടില്‍ ജോലിക്കെത്തിയവരുടെ വാഹനത്തില്‍ പ്രവീണിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. പ്രവീണിനെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചിട്ടും ജീവന് രക്ഷിക്കാനാകാത്തതിന്റെ വിഷമത്തിലാണ് ശരത്തും അനുവും. ഡി.വൈ.എഫ്.ഐ തൃക്കടവൂര്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ് ഇരുവരും. ഇതേ കായലില്‍ വീണവരെ മുമ്പും ഇരുവരും രക്ഷപ്പെടുത്തിയിട്ടുണ്ട്.