വെള്ളറട: കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി സിഎസ്ഐ സഭ മൂന്നാറില്‍ നടത്തിയ ധ്യാനത്തില്‍ പങ്കെടുത്ത രണ്ടു വൈദീകര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ധ്യാനത്തില്‍ പങ്കെടുത്ത ശേഷം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.
ധ്യാനത്തില്‍ പങ്കെടുത്ത 2 വൈദികര്‍ നേരത്തേ മരിച്ചിരുന്നു. സിഎസ്ഐ അമ്പലക്കാല പള്ളിയിലെ സുവിശേഷകന് അമ്പൂരി സ്വദേശി ബിനോകുമാറും (39), സിഎസ്ഐ കള്ളിക്കാട് വെസ്റ്റ് മൗണ്ട് പള്ളിയിലെ സുവിശേഷകന് ആറയൂര്‍ സ്വദേശി ദേവപ്രസാദു(59)മാണ് ഇന്നലെ വൈകിട്ടു മരിച്ചത്.
കാരക്കോണം സിഎസ്ഐ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ആയിരുന്നു മരണം. ദേവപ്രസാദ് സിഎസ്ഐ ദക്ഷിണകേരള മഹായിടവക അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗമാണ്. ബിനോകുമാറിന്റെ ഭാര്യ: ശോഭ. മക്കള്‍: അക്സ, അസ്ന. ദേവപ്രസാദിന്റെ ഭാര്യ: ക്രിസ്തുജാരത്നം. മക്കള്‍: ഡയബിഷ്, അജീഷ്. ധ്യാനത്തില്‍ പങ്കെടുത്ത 4 പേര് ഇനിയും ചികിത്സയിലുണ്ട്.
റവ.ബിജുമോന്, റവ. ഷൈന്‍ ബി.രാജ് എന്നീ വൈദികരാണ് ഒരാഴ്ച മുന്‍പു മരിച്ചത്. ഏപ്രില്‍ 13 മുതല്‍ 17 വരെ മൂന്നാര്‍ സിഎസ്ഐ പള്ളിയിലായിരുന്നു ധ്യാനം. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഒരു വിഭാഗം സഭാ വിശ്വാസികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിരുന്നു.