ഹരിപ്പാട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരുടെ ജീവനാണ് ഇതിനോടകം കൊറോണ കവര്‍ന്നത്. ആലപ്പുഴയില്‍ ഭര്‍ത്താവിന് പിന്നാലെ ഭാര്യയും കൊവിഡ് ബാധിച്ചു മരിച്ച സംഭവം കേരളക്കരയെ വേദനയിലാഴ്ത്തുകയാണ്.
കണ്ടല്ലൂര്‍ തെക്ക് പന്നാമുറിയില്‍(കൃഷ്ണഭവനം) കൃഷ്ണന്‍കുട്ടി ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. എഴുപത് വയസ്സായിരുന്നു. പിന്നാലെയാണ് ഭാര്യ സരസ്വതി(69)യും കൊവിഡിന് മുന്നില്‍ കീഴടങ്ങി. കൃഷ്ണന്‍കുട്ടി വ്യാഴാഴ്ച പുലര്‍ച്ചെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരിച്ചത്.
വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വെച്ചുതന്നെയാണ് സരസ്വതിയും മരണപ്പെടുന്നത്. കൃഷ്ണന്‍കുട്ടിയുടെ അമ്മയും മകളും അടക്കം കുടുംബത്തിലെ നാലുപേര്‍ക്കാണ് കൊറോണ പിടിപെട്ടത്. രണ്ടാഴ്ചയോളമായി എല്ലാവരും ചികിത്സയില്‍ ആയിരുന്നു.
അമ്മയും മകളും കോവിഡ് മുക്തരായിരുന്നു. കൃഷ്ണന്‍കുട്ടിയുടെ മൃതദേഹം വ്യാഴാഴ്ചയും സരസ്വതിയുടേത് വെളളിയാഴ്ച വൈകീട്ടും കോവിഡ് മാനദണ്ഡപ്രകാരം വീട്ടുവളപ്പില്‍ സംസ്കരിച്ചു.