മേപ്പാടി: കഞ്ചാവ് കേസില്‍ പൊലീസിനെ ഉള്‍പ്പെടുത്തി സാമൂഹിക സ്പര്‍ദ്ധയ്ക്ക് പ്രേരിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി നേതാവിനെതിരെ കേസ്. ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം ജന.സെക്രട്ടറി ഷാജിമോന്‍ ചൂരല്മലക്കെതിരെയാണ് കല്‍പ്പറ്റ സൈബര്‍ പോലീസ് കേസെടുത്തത്.
ക്രൈം നമ്പര്‍ 2/ 21 പ്രകാരമാണ് കല്‍പ്പറ്റ സൈബര്‍ പോലീസ് ഷാജിമോനെതിരെ കേസെടുത്തിരിക്കുന്നത്. മേപ്പാടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സമൂഹമാധ്യത്തിലൂടെ അവഹേളിച്ചു, സമൂഹത്തില്‍ ലഹളയ്ക്ക് ഇടയാക്കുന്ന തരത്തില്‍ പ്രകോപനപരമായി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു എന്നീ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഷാജിമോനെതിരെ കേസ്.
ചൂരല്‍മലയിലെ യുവാക്കള്‍ക്കെതിരെ കഞ്ചാവ് ഉപയോഗത്തിന് മേപ്പാടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപെട്ട് ഷാജിമോന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് മേപ്പാടി പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൈക്കൂലി ആരോപണവും വര്‍ഗ്ഗീയ സ്പര്‍ദ്ധയ്ക്ക് പ്രേരിപ്പിക്കുന്ന പരാമര്‍ശങ്ങളും ഉള്ളത്.
കഞ്ചാവ് കേസില്‍ അറസ്റ്റിലായ യുവാക്കള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരാണെന്നും ഈ യുവാക്കളെ ഉപയോഗിച്ച് പഞ്ചായത്തിലെ യുവാക്കളെ മയക്കുമരുന്നില്‍ മുക്കാനുള്ള മതതീവ്രവാദികളുടെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നുമായിരുന്നു ബിജെപി നേതാവിന്റെ പോസ്റ്റിലെ പരാമര്‍ശങ്ങള്‍.
ചില തീവ്രവാദ ശക്തികളുടെ ഗൂഢാലോചന പ്രകാരം മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കി പെണ്‍കുട്ടികളെയടക്കം ചൂഷണം ചെയ്യുന്നതിനും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിതരാക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ അജണ്ടയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടതുണ്ട് എന്നും പോസ്റ്റില്‍ പറയുന്നു.
കേസില്‍ മതരാഷ്ട്രീയ നേതൃത്വങ്ങളുടെ ഇടപെടലുണ്ടായെന്നും 60000 രൂപ പിഴ വാങ്ങി സിഐ ആസാദ് കേസ് ഒത്തുതീര്‍പ്പാക്കിയെന്നും പോസ്റ്റില്‍ ആരോപിക്കുന്നു. പ്രതികളെ വിട്ടയച്ച പൊലീസ് നടപടിക്ക് പിന്നില്‍ പൊലീസിന് പ്രത്യേക താത്പര്യമുണ്ടെന്നും സജിലാല്‍ ആരോപിക്കുന്നു. എസ്ഐ സിറാജിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയായിരുന്നു പോസ്റ്റിലെ പരാമര്‍ശം.
പൊലീസ് കേസെടുത്തതിനുശേഷം മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ച ഷാജിമോന്‍ ചൂരല്‍മല താന്‍ പൂര്‍ണ്ണ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റിട്ടതെന്നും പോസ്റ്റിലെ ആരോപണങ്ങള്‍ തെളിയിക്കാനാകുമെന്നുമായിരുന്നു വാദിച്ചത്.