വളാഞ്ചേരി: കാണാതായിട്ട് 40 ദിവസം പിന്നിട്ടിട്ടും 21കാരിയായ സുബീറ ഫര്‍ഹത്തിനെ കണ്ടെത്താനായില്ല. കഞ്ഞിപ്പുര ചോറ്റൂര്‍ സ്വദേശി കിഴക്കപറമ്പാട്ട് കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്തിനെയാണ് മാര്‍ച്ച് 10 മുതല്‍ കാണാതായത്. 21കാരിയുടെ തിരോധാനത്തില്‍ അങ്കലാപ്പിലായിരിക്കുകയാണ് പോലീസ്.
പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും വിവരം ലഭ്യമായിട്ടില്ല. വെട്ടിച്ചിറയിലെ ഡെന്റല്‍ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന സുബീറ മാര്‍ച്ച് 10ന് രാവിലെ ക്ലിനിക്കിലേക്ക് പോയതാണ്. എന്നാല്‍ റോഡിന് സമീപത്തെ വീട്ടിലെ സി.സി.ടി.വിയിലും കാണാതായ ദിവസം യുവതി പോകുന്ന ദൃശ്യം പതിഞ്ഞിട്ടില്ല.
ജോലിസ്ഥലത്തെത്തിയിട്ടില്ലെന്നും ഫോണില്‍ ലഭ്യമല്ലെന്നും ക്ലിനിക്കിലെ ഡോക്ടര്‍ അറിയിച്ചതോടെയാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്. ആദ്യം റിങ് ചെയ്തിരുന്നെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. 2019ല്‍ വിവാഹം കഴിഞ്ഞ യുവതി വിവാഹമോചിതയാണ്.
അസ്വാഭാവിക പെരുമാറ്റമൊന്നുമുണ്ടായിട്ടില്ലെന്ന് ബന്ധുക്കളും വീട്ടുകാരും പറയുന്നു. വളാഞ്ചേരി പൊലീസ് അന്വേഷണം നടത്തുകയും ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്തെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.