ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ 45 വയസിനും അതിന് മുകളിലുമുള്ള മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും വാക്സിന് കുത്തിവെപ്പെടുക്കണമെന്ന് കേന്ദ്രം. രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വാക്സിന് സ്വീകരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
അതേസമയം, വാക്സിന് സ്വീകരിച്ച ശേഷവും ജീവനക്കാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ഏപ്രില്‍ ഒന്ന് മുതലാണ് രാജ്യത്തെ 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന് വിതരണം ആരംഭിച്ചത്. രോഗികളുടെ എണ്ണം ക്രമാധീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് അര്‍ഹരായ ജീവനക്കാരും വാക്സിനെടുക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്.
കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ തിങ്കളാഴ്ച പ്രതിദിന രോഗികളുടെ എണ്ണം ആദ്യമായി ഒരുലക്ഷം കടന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 96,982 പേര്‍ക്കും രോഗം സ്ഥീരകരിച്ചിരുന്നു. 442 മരണവും റിപ്പോര്‍ട്ട് ചെയ്തു.
മഹാമാരിയെത്തി ഒരു വര്‍ഷം പിന്നിട്ടെങ്കിലും ആദ്യമായാണ് ഒറ്റ ദിവസത്തിനകം തന്നെ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകുന്നത്. സ്ഥിതിഗതികള്‍ അല്പം ആശങ്ക പടര്‍ത്തുന്നതാണെന്നാണ് ആരോഗ്യമേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് കാലമായതിനാല്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതിരിക്കുന്നതും കൊവിഡ് മാനദണ്ഡങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നതും സമീപഭാവിയിലും അവസ്ഥ മോശമാക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. പ്രതിദിന കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.