ഷോളയൂര്‍: സൈക്കിള്‍ മോഷ്ടിച്ച മൂന്നാംക്ലാസുകാരന് സൈക്കിള്‍ വാങ്ങി നല്‍കാനെത്തിയ പോലീസുകാര്‍ക്ക് ഫ്രീയായി സൈക്കിള്‍ നല്കി കടയുടമ. ഷോളയൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. സൈക്കിള്‍ കടയുടമ ലത്തീഫാണ് സംഭവം വിവരിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
അയലത്തെ വീട്ടിലെ കുട്ടിയുടെ സൈക്കിള്‍ എടുത്തു കൊണ്ടുപോയ മൂന്നാംക്ലാസുകാരനാണ് പൊലീസ് സൈക്കിള്‍ വാങ്ങി നല്‍കിയത്. സൈക്കിള്‍ എടുത്തുകൊണ്ടുപോയതിന് പിന്നാലെ ഷോളയൂര്‍ പൊലീസ് സ്റ്റേഷനില്‍ ബാലനെതിരെ മോഷണക്കുറ്റത്തിന് പരാതി ലഭിക്കുകയായിരുന്നു.
എന്നാല്‍ സൈക്കിള്‍ ഓടിക്കാനുള്ള കുട്ടിയുടെ ആഗ്രഹമാണ് മോഷണത്തിലേക്കെത്തിച്ചതെന്ന് മനസ്സിലാക്കിയ പൊലീസ് രമ്യമായി പരാതി പരിഹരിച്ച് പരാതിക്കാര്‍ക്ക് സൈക്കിള്‍ തിരികെ നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ ഷോളയൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ വിനോദ് കൃഷ്ണ കുട്ടിയ്ക്ക് ഒരു സൈക്കിള്‍ വാങ്ങി നല്‍കാനും തീരുമാനിച്ചു.
ഗൂളിക്കടവിലെ ലത്തീഫ് എന്നയാളുടെ സൈക്കിള്‍ കടയില്‍ എത്തി സൈക്കിള്‍ വാങ്ങാനൊരുങ്ങുമ്പോള്‍ സംഭവമറിഞ്ഞ ലത്തീഫ് സൈക്കിള്‍ ഫ്രീയായി നല്‍കുകയായിരുന്നു. പൊലീസിന്റെയും കടയുടമയുടെയും നല്ല മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് കമന്റുകളുമായെത്തിയത്.
ലത്തീഫിന്റെ ഫേസ്ബുക്ക് കുറിപ്പ്
ഷോളയൂര്‍ പോലീസ് ലിമിറ്റില്‍ ഒരു മൂന്നാം ക്ലാസുകാരന് അയലത്തെ വീട്ടിലെ പുതിയ സൈക്കിള്‍ ഓടിക്കാനായി കുഞ്ഞു മനസിലെ ആഗ്രഹം കൊണ്ട് എടുത്ത് കൊണ്ടുപോയി.. എന്നാലത് മോഷണ കുറ്റമായി ഷോളയൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയായി . പോലീസ് രമ്യമായി പരാതി പരിഹരിച്ച് പരാതിക്കാര്‍ക്ക് സൈക്കിള്‍ തിരിച്ച് നല്കി.
എന്നാല്‍ ഷോളയൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ശ്രീ വിനോദ് കൃഷ്ണ സൈക്കിള്‍ കൊണ്ടുപോയ കുട്ടിയുടെ മാനസികാവസ്ഥ മനസ്സിലാക്കി അദ്ദേഹം ഗൂളിക്കടവിലെ എന്റെ കടയില്‍ വന്ന് പുതിയൊരു സൈക്കിള്‍ വാങ്ങി കുട്ടിക്ക് കൊടുക്കുവാന്‍ തീരുമാനിച്ചു. അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ നന്മയും അനുഭവവും ഞാനും മനസ്സിലാക്കി
പഠിക്കുന്ന കാലത്ത് സൈക്കിളില്ലാത്ത സമയം ഞാന്‍ വന്നേരി ഹൈസ്കൂളിന് മുന്നിലെ കടയില്‍ നിന്ന് വാടകക്കെടുത്ത് ഓടിച്ചതും സി.ഐ യുടെ ചെറുപ്പത്തില്‍ സൈക്കിളില്ലാത്ത കഥ അദ്ദേഹവും പങ്ക് വെച്ചു. ഇല്ലായ്മയുടെ അനുഭവം എല്ലാവരുടേയും ഒന്ന് പോലെയാണ്
വളരെ നിര്‍ബന്ധിച്ച് എന്റെ വക അദ്ദേഹത്തിന് ഞാനൊരു സൈക്കിള്‍ നല്കി കുട്ടിക്ക് കൊടുക്കുവാന്‍ അഭ്യര്‍ത്ഥിച്ചു. എന്തൊക്കെ പരാതികളുണ്ടങ്കിലും ഇത്തരത്തിലുള്ള നന്മയുളള പോലീസ് ഓഫീസര്‍മാര്‍ നമ്മുടെ കാവല്‍ക്കാരായി ഉണ്ട് എന്നുള്ളതില്‍ നമുക്കഭിമാനിക്കാം.
ആഗ്രഹിച്ച സൈക്കിള്‍ നാളെ ആ കുട്ടിക്ക് കൈമാറുമ്പോള്‍ പിള്ള മനസ്സിലെ സന്തോഷത്തിന് കാരണക്കാരായ ഷോളയൂര്‍ പോലിസ് സ്റ്റേഷനിലെ സി.ഐ വിനോദ് കൃഷ്ണക്കും സഹപ്രവര്‍ത്തകര്‍ക്കും ഒരു ബിഗ് സല്യൂട്ട്