കൊച്ചി: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വീട്ടില്‍ കയറി മര്‍ദിച്ച മകനെ പിതാവ് കാറിടിച്ചു വീഴ്ത്തിയെന്ന് പരാതി. മുന്‍ നഗരസഭാ കൗണ്‍സിലര്‍ സജിക്കാണ് (45) പരുക്കേറ്റത്. സംഭവത്തില്‍ പിതാവ് അബൂബക്കറിനെ (70)തിരെ വധശ്രമത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു.
ഇന്നലെ രാവിലെ എച്ച്എംടി റോഡിലാണു സംഭവം. പരുക്കേറ്റു റോഡില്‍ വീണ സജിയെ പൊലീസെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സജിയും അബൂബക്കറും തമ്മില്‍ സ്വത്തുതര്‍ക്കങ്ങള്‍ നിലനിന്നിരുന്നെന്ന് പൊലീസ് പറഞ്ഞു. സജിയുടെ മൊഴിയില്‍ പിതാവ് അബൂബക്കറിനെതിരെ വധശ്രമത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അബൂബക്കറിനെ കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. എച്ച്എംടി കോളനിയില്‍ അബൂബക്കര്‍ താമസിക്കുന്ന വീട്ടില്‍ സജി ആയുധവുമായെത്തി ഭീഷണി മുഴക്കുകയും അദ്ദേഹത്തിന്റെ ഡ്രൈവറുമായി കയ്യേറ്റമുണ്ടാകുകയും ചെയ്തു.
തുടര്‍ന്ന് സജി ബൈക്കില്‍ മടങ്ങി പോയി. പിന്നാലെ പുറത്തേക്കു പോയ അബൂബക്കറിന്റെ കാറിനു മുന്നില്‍ സജി ബൈക്ക് വട്ടം വച്ചു പ്രകോപനമുണ്ടാക്കിയെന്നും ഇതേതുടര്‍ന്നാണ് കാര്‍ ബൈക്കില്‍ ഇടിച്ചതെന്നുമാണ് പറയുന്നത്. പരിക്കേറ്റ സജി ആശുപത്രിയില്‍ ചികിത്സയിലാണ്.