കൊച്ചി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയിലെത്തും. നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ യുഡിഎഫ് പ്രചാരണം കൊഴുപ്പിക്കാനായാണ് രാഹുല്‍ഗാന്ധി കേരളത്തിലെത്തുന്നത്. എറണാകുളം, കോട്ടയം,ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.
രാവിലെ 11ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി തുടര്‍ന്ന് സെന്റ് തെരേസാസ് കോളജിലെത്തി വിദ്യാര്‍ഥിനികളുമായുളള സംവാദത്തില്‍ പങ്കെടുക്കും. വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിലും തുടര്‍ന്ന് പങ്കെടുക്കും.
വൈകിട്ട് നാലുമണിയോടെ ആലപ്പുഴയിലേക്ക് പുറപ്പെടുന്ന രാഹുല്‍ ഗാന്ധി അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കും. പര്യടനത്തിന്റെ രണ്ടാം ദിവസമായ നാളെ കോട്ടയം ജില്ലയിലും എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും.