മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമായിരിക്കുകയാണ്. സ്ഥാനാര്‍ത്ഥികളെല്ലാം പ്രചാരണരംഗത്ത് സജീവമായി കഴിഞ്ഞു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപരന്മാരുള്ളത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിനാണ്. നാലുപേരാണ് ഫിറോസ് കുന്നംപറമ്പിലിന് എതിരെ തവനൂരില്‍ അപരന്മാരായുള്ളത്.
മുഹമ്മദ് ഫിറോസ് എന്ന പേരിലുള്ള ഒരാളടക്കം നാലുപേരാണ് ഫിറോസ് എന്ന പേരില്‍ തവനൂരില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയിട്ടുള്ളത്. മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ കെടി ജലീലിനെതിരെ ഒരു അപരനും രംഗത്തുണ്ട്.
ജലീല്‍ എന്ന പേരിലാണ് കെടി ജലീലിന്റെ അപരന്. തിരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കുറുക്കോളി മൊയ്തീനാണ് ഫിറോസ് തൊട്ടുപിന്നില്‍ അപരശല്യം നേരിടുന്നത്. മൂന്ന് അപരന്മാരാണ് മൊയ്തീനെതിരെ മത്സരിക്കുന്നത്. താനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി അബ്ദുറഹിമാനും മങ്കടയില്‍ മഞ്ഞളാംകുഴി അലിക്കും മൂന്ന് അപരന്മാരുണ്ട്.
താനൂരില്‍ അഞ്ച് അപരന്മാരുള്‍പ്പെടെ 11 പേരാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. യുഡിഎഫ് സ്ഥാനാര്‍ഥി പികെ ഫിറോസിന് അപരന്മാരായി രണ്ടുപേരാണുള്ളത്. വേങ്ങര, മലപ്പുറം, വണ്ടൂര്‍, നിലമ്പൂര്‍, മഞ്ചേരി മണ്ഡലങ്ങളില്‍ അപരന്മാരില്ല.