മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നില്ലെന്ന് ചാരിറ്റി പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍. മന്ത്രി കെ.ടി ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പിലിനെ മല്‍സരിപ്പിക്കാന്‍ യുഡിഎഫ് തയാറെടുത്തതിന് പിന്നാലെ തവനൂരില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ച് രംഗത്തെത്തിയത്. മലപ്പുറം ഡിസിസിക്ക് മുന്പില് പ്രവര്‍ത്തകര്‍ പ്രതിഷേധമറിയിച്ചു. മലപ്പുറത്ത് പൊന്നാനി മണ്ഡലത്തിലെയും തവനൂര്‍ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളെ ചൊല്ലിയാണ് പ്രതിഷേധം ഉടലെടുത്തത്.
ഇതിന് പിന്നാലെയാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഫിറോസ് കുന്നംപറമ്പില്‍ രംഗത്തെത്തിയത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്ക് തന്നെ സീറ്റ് നല്‍കണം. തന്റെ പ്രവര്‍ത്തന മേഖല ചാരിറ്റിയാണെന്നും അതുകൊണ്ട് താന്‍ മാറി നില്‍ക്കാമെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.
ഫിറോസിന്റെ വാക്കുകള്‍ :
”ഞാന്‍ തവനൂരില്‍ നിന്ന് മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ തവനൂരില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരുന്നു. ഒരു എംഎല്‍എ ആകണമെന്നോ, എംപി ആകണമെന്നോ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ജനസേവനം മാത്രമായിരുന്നു ലക്ഷ്യം.
ആരെയും ഒഴിവാക്കി മത്സരിക്കണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. എന്നാല്‍ തവനൂരില്‍ ഫിറോസിനെ നിര്‍ത്തണമെന്ന കാര്യം ഐക്യകണ്ഠേന എല്ലാവരും പിന്തുണച്ചുവെന്ന് നേതൃത്വം അറിയിച്ചു. ഇതോടെ അര മനസോടെ മത്സരിക്കാന്‍ സന്നദ്ധനാവുകയായിരുന്നു. നേതാക്കള്‍ ആവശ്യപ്പെട്ടിട്ട് മത്സരിക്കാന്‍ തയാറായ വ്യക്തിയാണ് ഞാന്‍. ഇന്ന് സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോള്‍ എന്റെ പേരുണ്ടാകുമെന്ന് പ്രതീക്ഷിച്ചു.
പക്ഷേ തവനൂരിനെ തര്‍ക്ക മണ്ഡലമായി ഉള്‍പ്പെടുത്തി നാളത്തേക്ക് മാറ്റിവയ്ക്കുകയാരുന്നു. എന്നാല്‍ ഇത്തരമൊരു തര്‍ക്കമുണ്ടെങ്കില്‍, പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്ക് തന്നെ സീറ്റ് നല്‍കണം. എന്റെ പ്രവര്‍ത്തന മേഖല ചാരിറ്റിയാണ്. അതുകൊണ്ട് ഞാന്‍ മാറി നില്ക്കാം. എനിക്ക് താത്പര്യമില്ലെന്ന് രമേശ് ചെന്നിത്തലയോട് പറഞ്ഞതാണ്. എന്നാല്‍ ഇത് കെപിസിസിയുടെ തീരുമാനാണ്, ഫിറോസ് പ്രവര്‍ത്തനം ആരംഭിച്ചോളൂ എന്ന് അദ്ദേഹം പറഞ്ഞിരുന്നു’