തൃശൂര്‍: വായ്പയെടുത്ത് ദുരിതത്തിലായ വയോധികനെ തേടിയെത്തിയത് സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നെല്ലാം കരകയറാനുള്ള സമ്മാനം. ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപയാണ് ഇദ്ദേഹത്തിന് സ്വന്തമായത്. മാള പള്ളിപ്പുറം സ്വദേശി അബ്ദുല്‍ ഖാദറിനാണ് (65) ഒരു കോടി രൂപ ലോട്ടറിയടിച്ചത്.
സ്വന്തമായി ഒരു വീടു നിര്‍മിക്കാനാണ് അബ്ദുല്‍ ഖാദര്‍ ബാങ്കില്‍ നിന്നും വായ്പയെടുത്തത്. പിന്നീട് ഇത് തിരിച്ചടക്കാന്‍ കഴിയാതെ കടക്കെണിയിലുമായി. ഏഴിനു നറുക്കെടുത്ത ഭാഗ്യമിത്ര ലോട്ടറിയിലെ ഒന്നാം സമ്മാനമാണ് അപ്രതീക്ഷിതമായി ഖാദറിനെ തേടിയെത്തിയത്.
മാള ജുമാ പള്ളിക്കു സമീപം സലൂണ്‍ നടത്തുകയാണ് ഇദ്ദേഹം. ലോട്ടറി ടിക്കറ്റിന് 50 പൈസ ആയിരുന്ന കാലം മുതല്‍ ലോട്ടറി എടുക്കുന്നത് പതിവാക്കിയ ഖാദറിന് ആദ്യമായാണ് ഭാഗ്യമടിച്ചത്. ലോട്ടറി എടുക്കാന്‍ ലക്ഷങ്ങള്‍ ചെലവാക്കിയിട്ടുണ്ടെങ്കിലും ചെറിയ സമ്മാനങ്ങളേ അടിച്ചിട്ടുള്ളൂ.
കടം തീര്‍ത്ത് സന്തോഷത്തോടെ ജീവിക്കണമെന്നാണ് ഇപ്പോള്‍ ഖാദറിന്റെ ആഗ്രഹം.