സീതത്തോട്: വീടിനു കതകുണ്ടാക്കാന്‍ നാട്ടുകാരുടെ സഹായത്തോടെ പ്ലാവ് മരം വെട്ടിയ വീട്ടമ്മയ്ക്കെതിരെ കേസ് എടുത്ത് വനം വകുപ്പ്. തടിയും പിടിച്ചെടുത്തു. റാന്നി റേഞ്ചിലെ കണമല ഫോറസ്റ്റ് സ്റ്റേഷന് പരിധിയിയിലെ ചരിവുകാലായില്‍ റുക്കിയയ്ക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്.
തനിക്കെതിരെ കേസ് എടുക്കരുതെന്നും പിടിച്ചെടുത്ത തടി വിട്ടുതരണമെന്നും കേണപേക്ഷിച്ച വീട്ടമ്മക്കെതിരെ കേസ് എടുക്കാതെ നിര്‍വാഹമില്ലെന്നു വനം വകുപ്പ് അറിയിച്ചു. 10 വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ റുക്കിയ പത്താം ക്ലാസില്‍ പഠിക്കുന്ന മകളും, പ്ലസ് ടൂ കഴിഞ്ഞ മകനുമൊത്ത് കിസുമം ഐത്തല പടിക്കു സമീപം ഏതു സമയവും നിലം പൊത്താവുന്ന മുറിക്കുള്ളിലാണ് മൂവരുടെയും താമസം.
മുന്‍ വശത്തെ കതക് ചെറുതായി അമര്‍ത്തിയാല്‍ തകരും. അടുക്കള വാതില്‍ ചാക്ക് ഷീറ്റ് കൊണ്ടു മൂടുകയാണ് പതിവ്. കതകുകള്‍ നിര്‍മിക്കാനായാണ് തടി വെട്ടിയത്. 15 വര്‍ഷത്തോളം പ്രായം വരുന്ന പ്ലാവ് സ്ഥലത്തെ യുവാക്കളുടെ സഹായത്തോടെ മുറിച്ച് കഴിഞ്ഞ ദിവസം റോഡില്‍ കയറ്റി. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ കണമല ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ സര്‍ക്കാര്‍ തടസ്സം രേഖപ്പെടുത്തുകയും കേസ് എടുക്കുമെന്ന് അറിയിക്കുകയും ചെയ്തതായി റുക്കിയാ പറയുന്നു.
തൊഴിലുറപ്പുമായി ബന്ധപ്പെട്ട് റുക്കിയക്ക് വല്ലപ്പോഴുമാണ് ജോലി. ഇതില്‍ നിന്നുള്ള വരുമാനമാണ് കുടുംബം പട്ടിണി ഇല്ലാതെ കഴിയുന്നത്. കേസുമായി പോകാന്‍ സാമ്പത്തികമില്ലെന്നു റുക്കിയ പറയുന്നു.പട്ടയത്തില്‍ പറയുന്നത് അനുസരിച്ച് മാത്രമേ മരങ്ങള്‍ മുറിക്കാന്‍ കഴിയൂ എന്ന് റാന്നി ഡിഎഫ്ഒ ജയകുമാര്‍ ശര്‍മ പറഞ്ഞു.
മാറ്റം വരുത്തണമെങ്കില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണം. അപകട ഭീഷണിയില്‍ നില്ക്കുന്ന വൃക്ഷങ്ങളാണെങ്കില്‍ ഉദ്യോഗസ്ഥരുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുറിച്ച് മാറ്റുന്നതിനുള്ള അനുമതി നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.