കോഴിക്കോട്: കാണാതായ പേര്‍ഷ്യന്‍ പൂച്ചയെ തേടി വേദനയോടെ ഒരു കുടുംബം. കോഴിക്കോട് മീഞ്ചന്തയിലെ ഒരു കുടുംബമാണ് വീട്ടിലെ ഒരംഗത്തെ പോലെ കഴിഞ്ഞ 2 വയസ്സുള്ള ജിബ്രുവിന്റെ തിരിച്ചുവരവിനായി കണ്ണുംനട്ട് കാത്തിരിക്കുന്നത്. പൂച്ചയെ കാണാതായിട്ട് 10 ദിവസം കഴിഞ്ഞു.
2 വയസുള്ള ആണ് പൂച്ചയാണ് പേര്‍ഷ്യന്‍ സെമി പഞ്ച് ഫെയിസ് ഇനത്തില്‍ പെട്ട ജിബ്രു. ജിബ്രുവിനെ കാണാതായിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സാമൂഹിക പ്രവര്‍ത്തകയായ ലൈല അഷ്റഫിന്റെ വീട്ടിലിപ്പോഴും മൂകത വിട്ടുമാറിയിട്ടില്ല. ഫെബ്രുവരി 22 ന് രാത്രി 8 മണിയോടെ വീടിനു പുറത്തിറങ്ങിയ ജിബ്രുവിനെ കാണാതായി.
അതോടെ , മീഞ്ചന്ത ഗവണ്മെന്റ് ആര്‍ട്സ് കോളേജിനോട് ചേര്‍ന്നുള്ള ഈ വീട് മരണ വീടുപോലെയായി. വീട്ടിലാരും ജോലിക്കു പോകുന്നില്ല. മക്കള്‍ക്ക് പഠന കാര്യത്തില്‍ പോലും ശ്രദ്ധിക്കാനാവുന്നില്ല. ജിബ്രുവിന്റെ തിരോധാനത്തില്‍ ഇണയായ ജൂലിയും സങ്കടത്തിലാണെന്ന് വീട്ടുകാര്‍ പറയുന്നു.
സദാ സമയവും ആണ്‍തുണയെ തിരയുകയാണ് ജൂലി. രണ്ട് വര്‍ഷമായി വീട്ടിലെ ഒരംഗത്തെ പോലെ കഴിഞ്ഞിരുന്ന ജിബ്രുവിനെ കാണാതായതോടെ കുടുംബം പൊലീസില്‍ പരാതി നല്കി. നാട്ടിലെ പെറ്റ് ഷോപ്പുകളിലും മറ്റും അന്വേഷണം നടത്തി വരുന്നു. രാത്രിയില്‍ രണ്ട് കുട്ടികള്‍ പൂച്ചയെ വലിച്ചു കൊണ്ട് പോകുന്നത് കണ്ടവരുണ്ട്. തങ്ങളുടെ സങ്കടം കണ്ട് പൂച്ചയെ തിരിച്ചെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ലൈല അഷ്റഫും കുടുംബവും.