തൃശൂര്‍: സബ് കലക്ടറെന്നു തെറ്റിദ്ധരിപ്പിച്ച് ഹണി ട്രാപ്പില്‍ കുടുക്കി മധ്യവയസ്കനില്‍ നിന്നും 17 ലക്ഷം രൂപയും 5 ലക്ഷം രൂപയുടെ ആഭരണങ്ങളും കവര്‍ന്ന യുവതി പോലീസ് പിടിയില്‍ ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ നിന്നാണ് സിറ്റി പോലീസിന്റെ പിടിയിലായത്.
തൃശൂര്‍ സ്വദേശിനിയും നോയിഡയില്‍ സ്ഥിരതാമസക്കാരിയുമായ ധന്യ ബാലന് (33) ആണ് അറസ്റ്റിലായത്. തൃശൂരില്‍ സ്ഥലം മാറിയെത്തിയ സബ് കലക്ടര്‍ ട്രെയിനിയാണെന്നു തെറ്റിദ്ധരിപ്പിച്ച് ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥനെ കെണിയില്‍ കുടുക്കി നഗ്നചിത്രങ്ങള്‍ കൈവശപ്പെടുത്തി പണംതട്ടിയതിനാണ് ധന്യയെ അറസ്റ്റ് ചെയ്തത്.
വലിയ തുകയുടെ ഇന്‍ഷുറന്‍സ് എടുക്കാമെന്നു വിശ്വസിപ്പിച്ചു ഹോട്ടല്‍ മുറികളിലും ഫ്ലാറ്റുകളിലും വിളിച്ചുവരുത്തി കെണിയില്‍പ്പെടുത്തിയെന്നാണു പരാതി. നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ഇവ കുടുംബാംഗങ്ങള്‍ക്ക് അയച്ചു നല്കുമെന്നു ഭീഷണിപ്പെടുത്തി 17 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്തു.
കമ്മിഷണര്‍ ആര്. ആദിത്യയ്ക്കു പരാതി നല്‍കിയതോടെ പൊലീസ് അന്വേഷണം തുടങ്ങി. ക്രൈം ബ്രാഞ്ച് എസിപി പി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ധന്യ നോയിഡയില്‍ ഉണ്ടെന്നു കണ്ടെത്തി.
നിഴല്‍ പൊലീസ് എസ്ഐ എന്‍.ജി. സുവൃതകുമാര്‍, എഎസ്ഐ ജയകുമാര്‍, സീനിയര്‍ സിപിഒ ടി.വി. ജീവന്, സിപിഒമാരായ എം.എസ്. ലിഗേഷ്, പ്രതിഭ, പ്രിയ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ധന്യയെ അറസ്റ്റ് ചെയ്തത്.