പത്തനംതിട്ട: മദ്യം വാങ്ങാനെത്തിയതിന്റെ ആവേശത്തില്‍ തന്റെ ഇരുചക്രവാഹനം വച്ച സ്ഥലം മറന്നു പോയ യുവാവ് പിടിച്ചത് പുലിവാല്. പലയിടങ്ങളില്‍ തിരഞ്ഞുവെങ്കിലും കണ്ടെത്താതെ വന്നതോടെ വാഹനം മോഷണം പോയെന്ന് പോലീസില്‍ പരാതി നല്കി. അന്വേഷണം നടത്തിയ പോലീസ് ഇരുചക്രവാഹനം കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
മല്ലപ്പള്ളി നാരകത്താനി സ്വദേശിയായ യുവാവാണ് ബവ്റിജസ് കോര്‍പറേഷന്റെ വിദേശമദ്യ ചില്ലറ വില്പനശാലയില് നിന്നു മദ്യം വാങ്ങി മടങ്ങിയെത്തിയപ്പോള്‍ തന്റെ വാഹനം കാണാനില്ലെന്ന പരാതിയുമായി പോലീസിലെത്തിയത്.ഇന്നലെ ഉച്ചയ്ക്ക് 2ന് ബവ്റിജസ് കോര്‍പറേഷന്റെ വിദേശമദ്യ ചില്ലറ വില്പനശാലയ്ക്കു സമീപമായിരുന്നു സംഭവം.
മദ്യം അകത്താക്കാനുള്ള ആവേശം കാരണം ഇരുചക്രവാഹനത്തിന്റെ കാര്യം മറന്നു. പലയിടങ്ങളിലും തിരഞ്ഞുവെങ്കിലും കണ്ടില്ല. ഇതിനിടയില്‍ വാഹനം മോഷണം പോയതായി യുവാവ് പൊലീസില്‍ പരാതി നല്കി. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ താക്കോല്‍ ഉള്‍പ്പെടെ വാഹനം കണ്ടെത്തിയപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം യുവാവിനു മനസ്സിലായത്.
എന്നാല്‍, പൊലീസ് വാഹനം വിട്ടുകൊടുത്തില്ല. മോഷണംപോയി എന്ന് തെറ്റിദ്ധരിപ്പിച്ചതിനാല്‍ വാഹനം കസ്റ്റഡിയിലെടുത്തു. രേഖകള്‍ ഹാജരാക്കിയാല്‍ വാഹനം തിരികെ നല്‍കാമെന്ന് പറഞ്ഞാണ് യുവാവിനെ പൊലീസ് വിട്ടത്.