ആലപ്പുഴ: ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയി. ആലപ്പുഴ ജില്ലയിലെ മാവേലിക്കര മാന്നാറിലാണ് സംഭവം. കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ(32)യാണ് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ രണ്ടു മണിക്കാണ് സംഭവം നടന്നത്.
നാലു ദിവസം മുന്‍പാണ് ബിന്ദു വിദേശത്തുനിന്ന് എത്തിയത്. ഗള്‍ഫില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്കൗണ്ടന്റാണ് ബിന്ദു. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള സംഘമാണ് യുവതിയെ തട്ടിക്കൊണ്ടു പോയതെന്ന് സംശയിക്കപ്പെടുന്നു. വീടിന്റെ വാതില്‍ തകര്‍ത്ത ശേഷം ബലം പ്രയോഗിച്ച് ഒരു സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു.
വീട്ടിലെത്തിയതു മുതല്‍ യുവതി സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ചിലര്‍ വീട്ടില്‍ എത്തിയിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്കി. യുവതി നാട്ടിലെത്തിയ ദിവസം രാത്രി രണ്ടുപേരെ വീടിന് സമീപം കണ്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിന്റെ ഫോണും പൊലീസിന് കൈമാറി. പൊലീസ് അന്വേഷണം ആരംഭിച്ചു.