പയ്യന്നൂര്‍: 15ാമത്തെ വയസ്സില്‍ കളിക്കുന്നതിന് ഇടയില്‍ അറിയാതെ വിഴുങ്ങിയ വിസില്‍ 40കാരിയായ യുവതിയുടെ ശ്വാസനാളിയില്‍ നിന്ന് പുറത്തെടുത്തത് 25വര്‍ഷങ്ങള്‍ക്ക് ശേഷം. കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബ്രോങ്കോസ്കോപ്പി നടത്തിയാണ് വിസില്‍ പുറത്തെടുത്തത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഴുങ്ങിയ വിസില്‍ ശ്വാസനാളത്തില്‍ ഇത്രയുംകാലം കുടുങ്ങി കിടക്കുന്നുണ്ടെന്ന് ഇവര്‍ക്കറിയില്ലായിരുന്നു. മട്ടന്നൂര്‍ സ്വദേശിനിയായ സ്ത്രീയുടെ ശ്വാസനാളിയില്‍ നിന്നാണ് വിസില്‍ പുറത്തെടുത്തത്. ഇവര്‍ക്ക് വര്‍ഷങ്ങളായി വിട്ടുമാറാത്ത ചുമയുണ്ടായിരുന്നു.
തളിപ്പറമ്പിലെ ശ്വാസകോശരോഗ വിദഗ്ധന്‍ ഡോ. ജാഫറിന്റെ ക്ലിനിക്കില്‍ നിന്ന് റഫര്‍ ചെയ്യപ്പെട്ട് കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജിലെ ശ്വാസകോശരോഗ വിഭാഗത്തില്‍ എത്തുകയായിരുന്നു ഇവര്‍. സിടി സ്കാന്‍ പരിശോധനയിലാണ് ശ്വാസനാളിയില്‍ അന്യവസ്തു കുടുങ്ങിട്ടുണ്ടെന്ന് സംശയമുദിച്ചത്.
ഉടന്‍ മെഡിക്കല്‍ കോളജിലെ ശ്വാസകോശരോഗ വിദഗ്ധന്‍ ഡോ രാജീവ് റാമിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങിയ സംഘം ശ്വാസനാളത്തില്‍ ട്യൂബ് കടത്തി ബ്രോങ്കോസ്കോപ്പിക്ക് വിധേയയാക്കി. സ്കോപ്പി വഴി പുറത്തെത്തിയത് ചെറിയ വിസില്‍.
രോഗിയോട് തിരക്കിയപ്പോഴാണ് പതിനഞ്ചാം വയസ്സിലെ സംഭവം ഓര്‍ത്തെടുത്തത്. ആസ്ത്മയെന്നു കരുതി ഇത്രയുംകാലം ചികിത്സിച്ചിട്ടും ഫലമുണ്ടായില്ല. വിസില്‍ പുറത്തുവന്നതോടെ വിട്ടുമാറാത്ത ചുമയും അനുബന്ധ വിഷമങ്ങളുമെല്ലാം മാറിയ സന്തോഷത്തിലാണ് യുവതി.