നെടുങ്കണ്ടം: കൃഷിഭവനില്‍ വെച്ച് കൃഷി ഓഫിസറും അപേക്ഷകനും ഏറ്റുമുട്ടി. പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. നെടുങ്കണ്ടത്താണ് സംഭവം. വളം വില്പന കേന്ദ്രത്തിനു ലൈസന്‍സ് നല്‍കിയില്ലെന്നു പരാതി നല്‍കിയതിന് പിന്നാലെയാണ് കൃഷി ഓഫിസറും അപേക്ഷകനും തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.
കൃഷി ഓഫിസര്‍ ചെകിട്ടത്തടിച്ചതായി 20 വയസ്സുകാരനായ വിദ്യാര്‍ഥിയും ഓഫിസില്‍ അതിക്രമിച്ച് കയറി അപേക്ഷ നല്കിയ വിദ്യാര്‍ഥി ആക്രമിച്ചതായി കൃഷി ഓഫിസറും പരാതി നല്കി. പരുക്കേറ്റ കൃഷി ഓഫിസറും, അപേക്ഷകനും ആശുപത്രിയില്‍ ചികിത്സ തേടി. സിഎ വിദ്യാര്‍ഥിയായ അനീസ് സാബു (20) ആണ് വളം വില്പന കേന്ദ്രം നടത്താന്‍ നെടുങ്കണ്ടം കൃഷിഭവനില്‍ അപേക്ഷ നല്‍കിയിരുന്നത്.
സംഭവത്തെക്കുറിച്ച് അനീസ് പറയുന്നത് ഇങ്ങനെ: ഒട്ടേറെ തവണ കൃഷി ഓഫിസില്‍ എത്തിയിട്ടും ലൈസന്‍സ് നല്കാന് തയാറായില്ല. ഇതിനിടെ ഇന്നലെ രാവിലെയും ചെന്നു. ലൈസന്‍സ് ലഭിക്കുന്നതിന് 10,000 രൂപ കൈക്കൂലി നല്‍കിയിരുന്നു.
5000 രൂപ കൂടി ആവശ്യപ്പെട്ടു. ഈ തുക കൃഷി ഓഫിസര്‍ക്കു നല്കാന് കഴിഞ്ഞില്ല. മാത്രമല്ല വളക്കടയ്ക്കായി വാടകയ്ക്ക് എടുത്ത കെട്ടിടത്തിനു വെറുതേ വാടക നല്‍കുകയാണ്. ലൈസന്‍സ് ഇല്ലാത്തതിനാല്‍ കട തുടങ്ങാനും പറ്റിയില്ല. ഇതാണ് ചോദ്യം ചെയ്തത്.
ഇതോടെ കൃഷി ഓഫിസര്‍ മര്‍ദിക്കുകയായിരുന്നു. ചെകിട്ടത്തും മുഖത്തും കൃഷി ഓഫിസര്‍ അടിച്ചു. പരുക്കേറ്റതോടെ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ അഡ്മിറ്റായി. കഴുത്തിനും പുറത്തും തലയ്ക്കും പരുക്കേറ്റു. കഴുത്തിനു നീര്‍ക്കെട്ടുണ്ട്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമെന്ന് നെടുങ്കണ്ടം കൃഷി ഓഫിസര്‍ ഷീന്‍ പറഞ്ഞു.
വളക്കട ലൈസന്‍സ് അപേക്ഷകനു ലൈസന്‍സ് നല്കാന് നിരവധി കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. അപേക്ഷയില്‍ നിരവധി നിയമ പ്രശ്നങ്ങളുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ അപേക്ഷകനെ അറിയിച്ചിരുന്നു. ഇന്നലെ എത്തിയ അനീസ് കൃഷി ഓഫിസിലുണ്ടായിരുന്ന തന്നോട് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി.
ഇക്കാര്യങ്ങള്‍ക്ക് ഓഫിസില്‍ ദൃക്സാക്ഷികളുമുണ്ടായിരുന്നു. ഓഫിസിലുണ്ടായിരുന്ന ഒരാളാണ് അനീസിനെ പിടിച്ചു മാറ്റിയത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായും ഷീന്‍ പറഞ്ഞു. രണ്ട് പരാതിക്കാരുടെയും മൊഴികള്‍ ശേഖരിച്ച ശേഷം അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.