പത്തനംതിട്ട: ബസ്സില്‍ യാത്രചെയ്യവെ ഉറ്റവരുടെ മുന്നില്‍വെച്ച് 12വയസ്സുകാരന് ദാരുണാന്ത്യം. സന്തോഷ് – സ്മിത ദമ്പതികളുടെ മകന് ആദിത്യന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. കാര്യമായ അസുഖങ്ങളൊന്നുമില്ലാത്ത ആദിത്യന് ആദ്യം വയറുവേദന അനുഭവപ്പെടുകയും പിന്നാലെ ഛര്‍ദിക്കുകയും ചെയ്ത് നിശബ്ദമായി മരണത്തിന് കീഴടങ്ങി.
ആദിത്യന് വല്ലപ്പോഴും വയറുവേദന അനുഭവപ്പെട്ടിരുന്നു. പല ഡോക്ടര്‍മാരും പരിശോധിക്കുകയും സ്കാനിങ് നടത്തുകയും ചെയ്തെങ്കിലും കാര്യമായ രോഗ വിവരങ്ങള്‍ ലഭ്യമായില്ല. ബുധനാഴ്ച രാവിലെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ ആദിത്യനെയും സഹോദരന് അദ്വൈതിനെയും കൂട്ടി മാതാപിതാക്കള്‍ കാളകെട്ടി നിന്നു ബസില്‍ കയറി.
5 കിലോമീറ്റര്‍ പിന്നിട്ടതോടെ കുട്ടി ഛര്‍ദിച്ചു. ഉടന്‍തന്നെ ബസ് ജീവനക്കാര്‍ ഓട്ടോ ഏര്‍പ്പാടാക്കി. മുക്കൂട്ടുതറ അസീസി ആശുപത്രിയില്‍ എത്തും മുന്‍പേ കുരുന്നു ജീവനെ മരണം കവര്‍ന്നു. കോരുത്തോട് സികെഎംഎം സ്കൂള്‍ 7ാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ആദിത്യന് എടുത്തു പറയത്തക്ക രോഗങ്ങള്‍ ഇല്ലായിരുന്നെന്നും സ്കാനിങ് റിപ്പോര്‍ട്ടിലും നിസ്സാര പ്രശ്നങ്ങള്‍ പോലും കണ്ടിരുന്നില്ലെന്നും മുക്കൂട്ടുതറ ചെറുപുഷ്പം ആശുപത്രിയിലെ ഡോക്ടര്‍ ടി.എല്‍. മാത്യു പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാത്രമേ മരണകാരണം വ്യക്തമാവൂ. കുട്ടിയുടെ മരണത്തെത്തുടര്‍ന്നു ബോധരഹിതയായ അമ്മ സ്മിതയെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.